വാട്ടർ ടാങ്ക് പൊട്ടി, രാം ചരണിന്‍റെ 'ദി ഇന്ത്യ ഹൗസ്' സെറ്റിൽ വൻ അപകടം; അസിസ്റ്റന്‍റ് കാമറാമാന് ഗുരുതര പരിക്ക്

തെലുങ്ക് നടൻ നിഖിൽ സിദ്ധാർഥ നായകനായി രാം ചരൺ നിർമിക്കുന്ന 'ദി ഇന്ത്യ ഹൗസി'ന്‍റെ സെറ്റിൽ അപകടം. കടലിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നടത്തുന്നതിനായി സജ്ജീകരിച്ച വലിയ വാട്ടർ ടാങ്ക് പൊട്ടിയതായാണ് വിവരം. അസിസ്റ്റന്റ് കാമറാമാനും മറ്റ് ചിലക്കും ഗുരുതരമായി പരിക്കേറ്റു.

വലിയ അളവിൽ വെള്ളം ഉപയോഗിച്ചുള്ള ഒരു പ്രധാന സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സിനിമക്കായി സമുദ്ര ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി ഷംഷാബാദ് പ്രദേശത്തിന് സമീപം സ്ഥാപിച്ചിരുന്ന ഒരു വലിയ വാട്ടർ ടാങ്കാണ് പൊട്ടിയതെന്നാണ് റിപ്പോർട്ട്. ഇത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചു.

സംഭവ സമയത്ത് നടൻ നിഖിൽ സിദ്ധാർഥ സെറ്റിൽ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഷൂട്ടിങ് ഫ്ലോർ മുഴുവൻ വെള്ളം കയറിയപ്പോൾ കാമറയും മറ്റ് ഉപകരണങ്ങളും സംരക്ഷിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ ശ്രമിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്.

അപകടത്തെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്കേറ്റ വ്യക്തികൾക്ക് അടിയന്തര വൈദ്യസഹായം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, അപകടത്തെക്കുറിച്ച് പ്രൊഡക്ഷൻ ടീം ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല, പരിക്കേറ്റ ക്രൂ അംഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

2023ലാണ് രാം ചരൺ തന്റെ ആദ്യ നിർമാണ സംരംഭമായ 'ദി ഇന്ത്യ ഹൗസ്' പ്രഖ്യാപിച്ചത്. ബോളിവുഡ് നടി സായി മഞ്ജരേക്കർ ആണ് ഇന്ത്യ ഹൗസിലെ നായിക. രാം വംശി കൃഷ്ണയാണ് ചിത്രത്തിന്‍റെ സംവിധാനം. മുതിർന്ന ബോളിവുഡ് നടൻ അനുപം ഖേർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

Tags:    
News Summary - Water tank bursts on set of Ram Charans The India House causing major flooding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.