കരം അഭിനേതാക്കൾ
ഹൃദയം, വർഷങ്ങൾക്കുശേഷം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കുശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് കരം. ചിത്രത്തിന്‍റെ ആദ്യ ട്രെയിലർ ആഗസ്റ്റ് 21 ന് പുറത്തുവന്നിരുന്നു. വിനീതിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മികച്ച ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ആരാധക പ്രതീക്ഷ. സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രം ഇന്‍റർനാഷനൽ ലവൽ ഐറ്റമാണെന്ന സൂചനയാണ് ഇന്നലെ പുറത്തിറങ്ങിയ ട്രെയിലർ നൽകുന്നത്. തോക്കുമായി നിൽക്കുന്ന നടൻ നോബിൾ ബാബുവിന്‍റേതായി എത്തിയ പോസ്റ്റർ മുമ്പ് വൈറലായിരുന്നു. ബിഗ് ബാങ് എന്റർടൈൻമെന്റ്സ് എന്ന ചലച്ചിത്ര നിർമാണ കമ്പനി സ്ഥാപകനും, നിർമാതാവും, തിരക്കഥാകൃത്തും നടനുമാണ് നോബിൾ. നിവിൻ പോളി അഭിനയിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിർമാണം.
മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സി.ഐ.ഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. ആനന്ദം, ഹെലൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. പ്രണയത്തിനും, സൗഹൃദത്തിനും, കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീതിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയവയിൽ കൂടുതലും.
വിനീത് ശ്രീനിവാസന്‍റെ ആദ്യ ത്രില്ലർ ചിത്രം 2013ൽ ധ്യാൻ ശ്രീനിവാസൻ നായകനായി പുറത്തിറങ്ങിയ ‘തിര’ ആയിരുന്നു. എന്നാൽ, പടം സാമ്പത്തികമായി വലിയ വിജയം നേടിയിരുന്നില്ല. എന്നാൽ, ഇപ്പോൾ വലിയ തോതിലുള്ള പ്രേക്ഷക പിന്തുണയാണ് കരം സിനിമയുടെ ട്രെയിലറിന് ലഭിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ അഞ്ചു ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒരു ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പാട്ടുകളൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്.
ചിത്രത്തിന്‍റെ വലിയൊരു ആകർഷണീയത ആദ്യ പോസ്റ്ററിൽ പുറത്തുവന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‍റെ മുഖമാണ്. മലയാളികൾ സ്നേഹപൂർവ്വം ആശാൻ എന്നു വിളിച്ചിരുന്ന കോച്ചിന്‍റെ വെള്ളിത്തിരയിലൂടെയുള്ള അപ്രതീക്ഷിത തിരിച്ചുവരവിന് വൻ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. പുതിയ ട്രെയിലറിലും കട്ടക്കലിപ്പുമായുള്ള ആശാന്റെ മുഖമാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആന്ദ്രെ നിക്കോള എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വുകോമനോവിച്ച് അവതരിപ്പിക്കുന്നത്. ‘നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പോസിറ്റീവായ ആളുകളിൽ ഒരാൾ. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണ് ആശാനേ... ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു’- ആഗസ്റ്റിൽ സിനിമയുടെ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ കുറിച്ചു.
നായകനായ നോബിൾ ബാബുവിനു പുറമെ ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.