കുടുംബ പ്രേക്ഷകരും യൂത്തും ഹാപ്പി! ഒരു കംപ്ലീറ്റ് വിജയ് ചിത്രം- വാരിസ് റിവ്യൂ

വംശി പൈടിപ്പിള്ളി സംവിധാനം ചെയ്ത് പൊങ്കൽ ദിനത്തിൽ തിയറ്ററുകളിലെത്തിയ വിജയ് ചിത്രമാണ് വാരിസ്. സമീപകാലത്ത് ഇറങ്ങിയ വിജയ് ചിത്രങ്ങളിൽ നിന്നെല്ലാം വിഭിന്നമായി ഇത്തവണ കുടുംബ പശ്ചാത്തലത്തിൽ മുൻപോട്ടു പോകുന്ന ചിത്രമായാണ് വാരിസ് പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുന്നത് . രാജേന്ദ്രൻ എന്ന ഇന്ത്യയിലെ വൻ വ്യവസായിയുടെ ജീവിതത്തെയും കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

കോടീശ്വരനായ രാജേന്ദ്രന്റെ മൂന്ന് ആൺ മക്കളാണ് അജയ്, ജയ്,വിജയ്. തന്റെ മക്കളിൽ നിന്ന് വ്യവസായങ്ങളെ മുൻപോട്ടു കൊണ്ടുപോകാനും നല്ല രീതിയിൽ അവ നടത്തിക്കുവാനും സാമർത്ഥ്യമുള്ള പിൻഗാമിയെ കണ്ടെത്താൻ രാജേന്ദ്രൻ തീരുമാനിക്കുന്നു. എന്നാൽ ഇളയ മകൻ വിജയ് ഒരിക്കലും  ചിന്തയിൽ ഇല്ലായിരുന്നു. എന്നാൽ രാജേന്ദ്രന്റെ സകല കണക്കുകൂട്ടലുകൾക്കും വിഭിന്നമായി  പ്രത്യേക സാഹചര്യത്തിൽ മകൻ വിജയ് അദ്ദേഹത്തിന്റെ വാരിസ് ആവുന്നു. ഇതോട് കൂടിയാണ് കഥയുടെ ഗതി മാറുന്നത്. പിന്നീട് രാജേന്ദ്രന്റെ കുടുംബത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ചിത്രം പറ‍യുന്നത്.


ആക്ഷൻ രംഗങ്ങളിലൂടെയും വിജയുടെ നൃത്ത രംഗങ്ങളിലൂടെയും സിനിമ കയ്യടി നേടുമ്പോൾ തന്നെ ഹാസ്യ രംഗങ്ങളും അതേ പ്രാധാന്യത്തിൽ തന്നെ ആളുകൾ സ്വീകരിക്കുന്നുണ്ട്. വിജയോടൊപ്പം യോഗി ബാബു കൂടി വരുന്നതോടെ നർമ്മം കൂടുതൽ രസകരമാവുകയാണ്.വിജയോടൊപ്പംനായികയായി രശ്മിക മന്ദാനയും വരുന്നെങ്കിലും രശ്മികക്ക് ചിത്രത്തിൽ പ്രത്യേകിച്ച് കാര്യമായൊന്നും ചെയ്യാനില്ല.

രാജേന്ദ്രനായി ശരത് കുമാര്‍ എത്തുമ്പോൾ എതിർവശത്ത് വില്ലനാവുന്നത് പ്രകാശ് രാജ് ആണ്. കുടുംബവും ജീവിതവും സന്തോഷവുമാണ് വലുത് എന്നുകരുതുന്ന വിജയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ റിലീസിനു മുൻപേ തന്നെ സംവിധായകനും നിർമാതാവ് ദിൽ‌രാജുവും വാരിസിനെ ഫാമിലി ഡ്രാമ എന്ന രീതിയിൽ വിശേഷിപ്പിച്ചിരുന്നു. ആ ജോണറിനോട് തികച്ചും നീതിപുലർത്തുന്ന വിധത്തിൽ തന്നെയാണ് വംശി വാരിസിനെ ഒരുക്കിയിരിക്കുന്നതും. സ്ഥിരം ക്ലിഷേ കഥയാണ് ചിത്രം പറയുന്നതെങ്കിലും ആക്ഷൻ പ്രണയം തമാശ കുടുംബം തുടങ്ങിയ ചേരുവകൾ കൊണ്ട് സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. എന്നാൽ പലപ്പോഴും സിനിമ സീരിയൽ നിലവാരത്തിലേക്ക് മാറുന്നുണ്ട് എന്നതും പ്രത്യേകം എടുത്തു പറയണം.


ശരത് കുമാർ, ശ്യാം, പ്രകാശ്‌രാജ്, ശ്രീകാന്ത്, ഗണേഷ്,ജയസുധ തുടങ്ങിയവർ തങ്ങളുടെ വേഷം ഭംഗിയായി ചെയ്തു. രാജേന്ദ്രന്റെ മക്കളിൽ ഇളയവനായ വിജയ് ആയെത്തിയ ഇളയദളപതി വിജയ് ഇത്തവണയും സേഫ് സോണിൽ നിന്നുകൊണ്ട് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. കാർത്തിക് പളനിയുടെ ഛായാഗ്രഹണം വളരെ മികച്ചതായിരുന്നു. പൊങ്കൽ ദിനത്തിൽ ഒരു ഫെസ്റ്റിവൽ മൂഡിൽ കാണാൻ സാധിക്കുന്ന ഫാമിലി ഡ്രാമയാണ് വാരിസ്. ശരാശരി പ്രേക്ഷകരെ തൃപ്തിപ്പെടുന്ന ഒരു സിനിമ എന്ന നിലക്ക് വാരിസ് തരക്കേടില്ലാത്ത കാഴ്ച്ചാനുഭവം നൽകുന്നു.

Tags:    
News Summary - Vijay Movie Varisu Malayalam Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT