'ഈ യാത്രയിൽ നിങ്ങളുടെ പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ല'; സൂര്യയെ അഭിനന്ദിച്ച് വിജയ്

വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ’ഫീനിക്‌സ്’. ജൂലൈ നാലിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആക്ഷൻ കൊറിയോഗ്രാഫറായ അനൽ അരശ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രം ഇതിനോടകം നേടുന്നത്. ഇപ്പോഴിതാ സൂര്യയുടെ സിനിമ കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ വിജയ്. ഫീനിക്‌സ് കണ്ട വിജയ് സംവിധായകന്‍ അനല്‍ അരശിനെയും സൂര്യ സേതുപതിയേയും നേരിട്ട് കണ്ട് ചിത്രത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. വിജയ് യുടെ കടുത്ത ആരാധകനായ സൂര്യക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും പ്രചോദനമാണ്.

'നന്ദി വിജയ് സർ, ആ ആലിംഗനം, ദയയുള്ള വാക്കുകൾ, ഊഷ്മളത, എല്ലാം അർത്ഥവത്തായി. ഞാൻ എപ്പോഴും നിങ്ങളെ കാത്തിരിക്കുന്നു. ഈ യാത്രയിൽ നിങ്ങളുടെ പിന്തുണ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്'എന്നാണ് സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഫീനിക്സിൽ, പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറാൻ ലക്ഷ്യമിട്ട് ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി. സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എ. കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും മുമ്പ് നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ ബാലതാരമായാണ് സൂര്യ എത്തിയത്. ഈ സിനിമയിൽ വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂര്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2019 ൽ പുറത്തിറങ്ങിയ സംഗതമിഴൻ എന്ന സിനിമയിലും സൂര്യ അഭിനയിച്ചു. ഈ സിനിമയിൽ വിജയ് സേതുപതി തന്നെയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Tags:    
News Summary - Vijay congratulates Suriya sethupathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.