എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരാണസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 2027ലെ സംക്രാന്തി റിലീസിനായി ചിത്രം എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. ഈ ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമാകുന്ന അഭിനേതാക്കൾക്കും സംവിധായകനും ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമത്തിൽ സജീവമാണ്.
മഹേഷ് ബാബു നായകനായെത്തുന്ന 29-ാമത്തെ ചിത്രമാണ് വാരാണസി. ഗ്ലോബ്‌ട്രോട്ടർ എന്നായിരുന്നു ചിത്രത്തിന്‍റെ താൽകാലിക പേര്. പ്രമോഷണൽ ചെലവുകൾ ഒഴികെ 1,200 കോടി രൂപയുടെ (ഏകദേശം 140 മില്യൺ യു.എസ് ഡോളർ) ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. രാമായണത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ചിത്രമാണ് വാരാണസി.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ് രാജമൗലി. എന്നാൽ വാരാണസിക്ക് അദ്ദേഹം മുൻകൂറായി പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭം പങ്കിടുകയാണ് ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. രാജമൗലി സാധാരണയായി ഒരു ചിത്രത്തിന് ഏകദേശം 200 കോടി രൂപ പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജമൗലിയെപ്പോലെ തന്നെ മഹേഷ് ബാബുവും ചിത്രത്തിനായി മുൻകൂർ പണം വാങ്ങുന്നില്ലെന്ന് കൊയ്‌മോയി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാരാണസിയിൽ അഭിനയിക്കുന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി പ്രിയങ്ക ചോപ്ര മാറിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിനായി ഏകദേശം 30 കോടി രൂപ താരം പ്രതിഫലം വാങ്ങുന്നുണ്ടെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം പൃഥ്വിരാജിന്റെ സാധാരണ പ്രതിഫലം നാല് മുതൽ പത്ത് കോടി വരെയാണ്. വാരാണസിയിലെ കൃത്യമായ കണക്ക് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചിത്രത്തിലെ വേഷത്തിന് അദ്ദേഹം പത്ത് കോടി രൂപയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നുണ്ടാകാമെന്ന് ഡി.എൻ.എ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.