ദേശീയ അവാർഡ് നിർണയത്തിൽ വിമർശനവുമായി ഉർവശി 'തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല.'

തിരുവനന്തപുരം: ദേശീയ അവാർഡ് നിർണയത്തിലെ മാനദണ്ഡങ്ങളെക്കുറിച്ച് വിമർശനവുമായി നടി ഉർവശി. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു.

അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. എന്നാൽ അവാർഡ് നിർണയത്തിന്‍റെ അടിസ്ഥാനമെന്തെന്ന് ആരെങ്കിലും പറഞ്ഞുതരണ. ലീഡ് റോള്‍ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇത്ര പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നുണ്ടോ എന്നും ഉര്‍വശി ചോദിച്ചു. എന്തു തന്നെയായാലും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഉർവശി പറഞ്ഞു.

"അവാർഡ് നിർണയത്തിന്‍റെ എന്താണ് ഒരു മാനദണ്ഡമെന്ത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിക്കുന്നത്. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? അതല്ല, ഇത്ര പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതി എന്നുണ്ടോ‍? എന്തു പ്രോട്ടോകോൾ അനുസരിച്ചാണ് അവാർഡ് നൽകുന്നത്? ലീഡ് റോൾ ചെയ്യുന്നതിനാണോ അവാർഡ് നൽകുന്നത്‍? സഹ കഥാപാത്രങ്ങൾ ചെയ്യുന്നവർക്കാണ് സഹനടി, സഹനടൻ അവാർഡുകൾ നൽകുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.

അതിന്‍റെ വിശദാംശങ്ങൾ ആരെങ്കിലും പറഞ്ഞുതന്നേ പറ്റൂ. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ പറഞ്ഞുതരണം. അല്ലെങ്കിൽ എനിക്ക് പുറകിൽ വരുന്നവർക്ക് അത് ചോദിക്കാൻ കഴിയില്ല. കഴിവുളളവർ ഒരു പാട് വന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ചോദിച്ചില്ലെങ്കിൽ അവർക്ക് ഇത് ചോദിക്കാൻ പറ്റില്ല." ഉർവശി പറഞ്ഞു.

"ഉര്‍വശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ കാര്യങ്ങളൊന്ന് ആലോചിച്ച് നോക്കൂന്ന് ഒരിക്കല്‍ റിമ കല്ലിങ്കല്‍ എന്നോട് ചോദിച്ചിരുന്നു. കുട്ടേട്ടന്‍റെ(വിജയരാഘവന്‍റെ) ഷാരൂഖ് ഖാന്‍റെ പെര്‍ഫോമന്‍സും തമ്മില്‍ അവര്‍ കണക്കാക്കിയത് എന്താണ്? എന്ത് മാനദണ്ഡത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടു. ഇതെങ്ങനെ സഹനടനായി? അതെങ്ങനെ മികച്ച നടനായി? തീയെന്ന് പറഞ്ഞാൽ വാ പൊള്ളും എന്ന കാലം മാറണം. നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ലല്ലോ. അത് അവര്‍ വ്യക്തമാക്കണം."

ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം ഉര്‍വശിക്ക് ലഭിച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പരിഗണനാ പട്ടികയിലുമുണ്ടായിരുന്നു. രണ്ടാം തവണയാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടുന്നത്.

Tags:    
News Summary - Urvashi criticizes the decision of National film Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.