നടൻ ഉണ്ണി മുകുന്ദൻ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. കരിയറിൽ ചില ബ്ലോക്ക്ബസ്റ്ററുകൾ അദ്ദേഹം നൽകിയിട്ടുണ്ടെങ്കിലും ചാഞ്ചാടുന്ന കരിയർ ഗ്രാഫാണ് ഉണ്ണിയുടേത്. 2024 ഡിസംബറിൽ ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് അദ്ദേഹം നമുക്ക് സമ്മാനിച്ചു. ചിത്രം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയെങ്കിലും, മാർക്കോ ലോകമെമ്പാടുമായി 102.55 കോടി രൂപ നേടി.
2024ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായി മാർക്കോ മാറിയെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. 'ഏറ്റവും അക്രമാസക്തമായ ഇന്ത്യൻ സിനിമ' എന്ന നിലയിൽ വിപണനം ചെയ്യപ്പെട്ട മാർക്കോ രാജ്യവ്യാപകമായി ഒരു സെൻസേഷനായി മാറുകയും മോഹൻലാലിന്റെ ബാരോസ്, വരുൺ ധവാന്റെ ബേബി ജോൺ തുടങ്ങിയ ബോക്‌സ് ഓഫിസ് എതിരാളികളെ അനായാസം മറികടക്കുകയും ചെയ്തു.
എന്നാൽ മാർക്കോയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്‍റെ അലയൊലികൾ മായുന്നതിന് മുമ്പ് തന്നെ ഉണ്ണി മുകുന്ദനെ വലിയ പരാജയം തേടി എത്തി. മാർച്ചിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെ.എഫ്.പി.എ) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഗെറ്റ് സെറ്റ് ബേബി 9.99 കോടി രൂപയാണ് ഉണ്ണിമുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബിക്ക് ചെലവായത്. എന്നാൽ 27 ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് ആകെ 3.43 കോടി മാത്രമാണ് ചിത്രം നേടിയതെന്ന് കൊയ്മോയ് റിപ്പോർട്ട് ചെയ്യുന്നു.
ഉണ്ണി മുകുന്ദനെയും നിഖില വിമലിനെയും കേന്ദ്രകഥാപാത്രമാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും പ്രതിപാദിക്കുന്ന ചിത്രമാണിത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമിച്ച ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമാണ പങ്കാളികളാവുന്ന ആദ്യസംരഭമായിരുന്നു ചിത്രം. ചിത്രത്തിന്‍റെ രചന നിർവഹിച്ചത് വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.