'ദി ബംഗാൾ ഫയൽസ്' ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ്; മമത ബാനർജിയുടെ നിർദ്ദേശപ്രകാരമെന്ന് സംവിധായകൻ

കൊൽക്കത്ത: 1946ലെ കൊൽക്കത്ത കലാപത്തെ ആസ്പദമാക്കി നിർമിച്ച 'ദി ബംഗാൾ ഫയൽസ്' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് കൊൽക്കത്ത പൊലീസ് തടഞ്ഞതായി സംവിധായകൻ വിവേക് അഗ്നിഹോത്രി. വിവാദമായ ചിത്രത്തിന്റെ ട്രെയിലർ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

സെൻസർ ബോർഡ് ചിത്രം പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകുകയും കൽക്കട്ട ഹൈകോടതി ചിത്രം നിരോധിച്ചത് സ്റ്റേ ചെയ്യുകയും ചെയ്തതിനാൽ ഇത് ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് അഗ്നിഹോത്രി ആരോപിച്ചു. ഉച്ചക്ക് ഒരു മണിയോടെ ഹോട്ടലിന്റെ പ്രതിനിധിയാണ് ട്രെയിലറിന്റെ പ്രദർശനം ആദ്യം തടഞ്ഞത്. പത്രസമ്മേളനത്തിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ട്രെയിലർ പ്രദർശിപ്പിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പരിപാടി നടന്നുകൊണ്ടിരുന്ന ഹാളിൽ കയറി പ്രദർശനം പകുതിവഴിയിൽ നിർത്തിവെച്ചതായി സംവിധായകൻ അവകാശപ്പെട്ടു. സംവിധായകൻ പൊലീസ് ഉദ്യോഗസ്ഥരുമായും ഹോട്ടൽ ജീവനക്കാരുമായും വാഗ്വാദത്തിൽ ഏർപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെയും മുഖ്യമന്ത്രി മമത ബാനർജിയുടെയും നിർദ്ദേശപ്രകാരമാണ് പ്രദർശനം നിർത്തിവെച്ചതെന്നും ട്രെയിലർ പകുതിവഴിയിൽ നിർത്താൻ അവരുടെ പാർട്ടി നേതാക്കൾ ഹോട്ടൽ മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തിയെന്നും അഗ്നിഹോത്രി ആരോപിച്ചു. 

Tags:    
News Summary - Trailer launch of film ‘The Bengal Files’ ‘stopped’ by Kolkata Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.