തിയറ്ററിൽ റെക്കോഡ് കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രമാണ് ടോർപെഡോ. ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ യുവ താരം നസ്ലിൻ ഗഫൂർ തമിഴ് നടൻ അർജുൻ ദാസ്, ഗണപതി എന്നിവരാണ് നായകൻമാരായി എത്തുന്നത്. ഇവരോടൊപ്പം ഫഹദ് ഫാസിലും വമ്പൻ റോളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു പപ്പു ആണ്.
ഛായാഗ്രാഹകൻ ജിംഷി ഖാലിദും സംഗീതം സുഷിൻ ശ്യാമും ആണ്. തുടരും ബ്ലോക്ക്ബസ്റ്ററായി മാറിയതോടെ സ്വാഭാവികമായും തരുൺ മൂർത്തിയുടെ അടുത്ത ചിത്രത്തിനായുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്. ഫഹദ് ഫാസിലും യുവതാരം നസ്ലിനും ഒന്നിക്കുന്ന ചിത്രം ആവേശം വർധിപ്പിക്കുന്നു. ഫഹദ് ഫാസിൽ നായകനായ 'പച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിൽ നസ്ലിൻ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രീകരണം എപ്പോൾ ആരംഭിക്കുമെന്ന് ബിനു പപ്പു പറയുകയാണ്.
'യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ത്രില്ലർ ചിത്രമാണ് ടോർപെഡോ. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അത് നേരത്തെ തുടങ്ങിയിരുന്നു. പക്ഷേ തുടരും ചിത്രത്തിനായി ഇടക്ക് നിർത്തി. ഇപ്പോൾ ലൊക്കേഷനുകൾ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. നാലോ അഞ്ചോ മാസത്തിനുള്ളിൽ ഷൂട്ടിങ് ആരംഭിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. നസ്ലിന്റെ ഡേറ്റ് ഉൾപ്പെടെയുള്ള ഡേറ്റുകൾ നിശ്ചയിക്കേണ്ടതുണ്ട്. ഫഹദും ഫ്രീയായിരിക്കണം' ബിനു പപ്പു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.