സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് മമ്മൂട്ടി. ഓരോ സിനിമയിലെ വേഷങ്ങളും കഥാപാത്രത്തിന്റെ തീവ്രതയനുസരിച്ച് മാറ്റം വരുത്തി അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ കഴിവ് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രകടമാകാറുണ്ട്. ഉണ്ട, പുഴു, ബ്രഹ്മയുഗം, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ സിനിമകളിൽ ഇതുവരെ കണ്ട മമ്മൂട്ടിയെ അല്ല പ്രേക്ഷകർ കണ്ടത്.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കളങ്കാവലിന്റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസിനെ കുറിച്ചാണ് അത്. നാളെ രാവിലെ 11:11ന് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് വിനായകനാണ്. കറുപ്പ് എന്ന ചിത്രത്തിന്റെ സഹരചയിതാവായിരുന്നു ജിതിൻ കെ. ജോസ്.
തെക്കൻ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവൽ. എന്നാൽ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിൻ കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിൻറെ രചന. ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയും ചിത്രസംയോജനം പ്രവീൺ പ്രഭാകറുമാണ്. വിനായകനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ നേരത്തെ തന്നെ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു.
ബസൂക്കയാണ് മമ്മൂട്ടിയുടെ അവസാനം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസ് ആയാണ് തിയറ്ററുകളിൽ എത്തിയത്. വ്യത്യസ്ഥമായ ഒരു പ്ലോട്ടിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആൻറ് ലേഡീസ് പേഴ്സ് എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.