അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ വീട് സന്ദർശിച്ച ശേഷം നടൻ ടിനി ടോം ഫേസ്ബുക്കിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധനേടുന്നു. നവാസ് ഉപയോഗിച്ചിരുന്ന ചെരിപ്പുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ടിനി കുറിപ്പ് പോസ്റ്റ് ചെയ്തത്. ആ ചെരിപ്പുകൾ നവാസിന്റെ മകൻ തുടച്ചുവെച്ചിരിക്കുന്നത് കണ്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടുവെന്ന് ടിനി കുറിപ്പിൽ പറഞ്ഞു.
അതെ, ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്. ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ എന്ന് സങ്കടപ്പെട്ടുകൊണ്ടാണ് ടിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.
കലാഭവൻ ഷാജോണാണ് വീഡിയോ കോളിലൂടെ നവാസിനെ അവസാനമായി കാണിച്ചുതന്നതെന്നും ടിനി പറഞ്ഞു.
ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ കുഴഞ്ഞുവീണ നിലിയിലാണ് നവാസിനെ കണ്ടെത്തിയത്. ‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിന് എത്തിയതായിരുന്നു നവാസ്. ഷൂട്ടിങ്ങിന്‍റെ അവസാന ദിവസമായിരുന്ന വെള്ളിയാഴ്ച മുറിയിലെത്തി മടങ്ങാനിരിക്കുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫേസ്ബുക് കുറിപ്പിന്‍റെ പൂർണ രൂപം
"ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം. കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ... തിരുവനന്തുപുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത്. എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു.
എന്റെ കൂടെ കൈതപ്രം തിരുമേനിയും സ്നേഹയും ഉണ്ടായിരുന്നു. ഞാൻ വിടചൊല്ലി... ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടിൽ ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ, നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ്. അവിടെ എന്റെ നിയന്ത്രണം വിട്ടുപോയി. ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ... അതെ, ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്... സഹോദരാ വിട... മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രംഅറിയാവുന്ന നമുക്ക് ഒത്തുകൂടാം." ടിനി ടോമിന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.