'അപ്പൊ എങ്ങനെ സ്‌പ്ലെന്‍ഡര്‍ ഇറക്കട്ടെ'; 'തുടരും' റിലീസ് പ്രഖ്യാപിച്ചു

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുടരും'. മോഹന്‍ലാല്‍- ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25-ന് തിയറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിന്റെ സൂചന നല്‍കുന്ന പോസ്റ്റ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിരുന്നു. തന്റെ തന്നെ ചിത്രത്തോടൊപ്പം, 'അപ്പൊ എങ്ങനെ സ്‌പ്ലെന്‍ഡര്‍ ഇറക്കട്ടെ', എന്ന ചോദ്യമായിരുന്നു തരുണ്‍ മൂര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കെ.എല്‍ 03 എല്‍ 4455 നമ്പറിലുള്ള കറുപ്പ് അംബാസിഡര്‍ കാറില്‍ ചാരി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് റിലീസ് പോസ്റ്ററിലുള്ളത്.

മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെ. ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Tags:    
News Summary - thudarum release announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.