ടൂറിസ്റ്റ് ഫാമിലിക്കെതിരെ കേസ് കൊടുത്ത് കാശ് വാങ്ങണമെന്ന് പറഞ്ഞു; ശരിക്കും ഞാൻ ആണ് അങ്ങോട്ട് കാശ് കൊടുക്കേണ്ടത്! -ത്യാഗരാജൻ

തിയറ്ററുകളിലും ഒ.ടി.ടിയിലും മികച്ച അഭിപ്രായം നേടിയ ചിത്രമാണ് നവാഗതനായ അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി. മേയ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൽ ശശികുമാർ, സിമ്രാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ്നാട്ടിൽ മാത്രം 50 കോടിയിൽ അധികം നേടി ശശികുമാറിന്‍റെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി. ചിത്രത്തിൽ ശശികുമാറിന്റെ മകൻ 'മലയൂർ' എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ത്യാഗരാജൻ സംവിധാനം ചെയ്ത് പ്രശാന്ത് നായകനായി എത്തിയ 'മമ്പട്ടിയൻ' എന്ന സിനിമയിലെ ഗാനമാണ് ഇത്.

ഇപ്പോഴിതാ ആ പാട്ടിനെ കുറിച്ച് തുറന്നുപറയുകയാണ് നടനും സംവിധായകനുമായ ത്യാഗരാജൻ. മലയൂർ എന്ന ഗാനം ടൂറിസ്റ്റ് ഫാമിലിയിൽ ഉപയോഗിക്കാനായി അനുവാദമൊന്നും വാങ്ങിയിരുന്നില്ലെന്നും എന്നാൽ അതിനെതിരെ കേസ് കൊടുക്കണമെന്ന ചിന്ത തനിക്കില്ലെന്നും ത്യാഗരാജൻ പറഞ്ഞു. 'ടൂറിസ്റ്റ് ഫാമിലിയിൽ മമ്പട്ടിയനിലെ പാട്ട് ഉപയോഗിച്ചതിന് സിനിമയുടെ സംവിധായകനോട് നന്ദി പറയുന്നു. ആ പാട്ട് ഇത്രയും സ്വീകരിക്കപ്പെടുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആ പാട്ട് ഉപയോഗിക്കുന്നതിനായി എന്നോട് ആരും അനുവാദം ചോദിച്ചിരുന്നില്ല. ഒരുപാട് പേർ എന്നോട് എന്താണ് കേസ് കൊടുക്കാത്തതെന്ന് ചോദിച്ചു. എന്റെ സിനിമയിലെ ഒരു പാട്ട് അവർ ഉപയോഗിച്ച് ആ സിനിമ വിജയമായി മാറിയതിൽ എനിക്ക് സന്തോഷമുണ്ട് ത്യാഗരാജൻ പറഞ്ഞു.

കേസ് കൊടുത്ത് അവരിൽ നിന്ന് കാശ് വാങ്ങണം എന്ന ചിന്ത എനിക്കില്ല. ഞാൻ അവരെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അല്ലാതെ ആ പാട്ട് എന്തിനാണ് ഉപയോഗിച്ചത് എന്ന് അവരോട് ചോദിക്കണം എന്ന് പോലും എനിക്ക് തോന്നിയില്ല. ടൂറിസ്റ്റ് ഫാമിലിയിൽ വന്നതോടെ വീണ്ടും ഒരുപാട് ആളുകളാണ് ആ പാട്ട് കേൾക്കുന്നത്. അതിന് അത്രയും റീകോൾ വാല്യൂ ഉള്ളപ്പോൾ ശരിക്കും ഞാൻ ആണ് അങ്ങോട്ട് കാശ് കൊടുക്കേണ്ടത്' ത്യാഗരാജൻ കൂട്ടിച്ചേർത്തു.

മില്യൺ ഡോളർ സ്റ്റുഡിയോസും എം.ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിച്ച ചിത്രം ആദ്യ ദിവസം തന്നെ രണ്ട് കോടി രൂപ നേടി. ആദ്യ വാരാന്ത്യത്തിൽ 10 കോടി രൂപ കളക്ഷൻ ചിത്രം സ്വന്തമാക്കി. ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം ജിയോഹോട്ട്സ്റ്റാറിൽ കാണാവുന്നതാണ്. 

Tags:    
News Summary - Thiagarajan Reacts to Song Use in 'Tourist Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.