പ്രഭാസ് നായകനാകുന്ന 'ദി രാജാ സാബ്' നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഹൊറർ-കോമഡി ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രതീക്ഷകൾക്കൊപ്പം, ചിത്രത്തിന്റെ വമ്പൻ ബജറ്റിനെയും അഭിനേതാക്കളുടെ പ്രതിഫലത്തെയും കുറിച്ചുള്ള ചർച്ചകളും ശ്രദ്ധ പിടിച്ചുപറ്റി. 400 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ദി രാജാ സാബ് നിർമിച്ചിരിക്കുന്നതെന്ന് സന്ദീപ് റെഡ്ഡി വംഗ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിലെ പ്രഭാസിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് പ്രഭാസ്. ഒരു സിനിമക്ക് ഏകദേശം 150 കോടി രൂപ വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ദി രാജാ സാബിനായി, 33 ശതമാനം ശമ്പളം കുറക്കാൻ നടൻ സമ്മതിച്ചതായും ഇത് അദ്ദേഹത്തിന്റെ പ്രതിഫലം ഏകദേശം 100 കോടി രൂപയിലേക്ക് എത്തിച്ചതായും റിപ്പോർട്ടുണ്ട്.
സഞ്ജയ് ദത്ത് ചിത്രത്തിനായി ഏകദേശം 5–6 കോടി രൂപ പ്രതിഫലം വാങ്ങിയതായി പറയപ്പെടുന്നു. മാളവിക മോഹനന് രണ്ട് കോടി രൂപയും നിധി അഗർവാളിന് 1.2 കോടി മുതൽ 1.5 കോടി രൂപ വരെയുമാണ് പ്രതിഫലം ലഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന റിദ്ധി കുമാർ ഏകദേശം മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങിയതായി പറയപ്പെടുന്നു. സംവിധായകൻ മാരുതിക്ക് 18 കോടി രൂപ പ്രതിഫലം ലഭിച്ചതായി റിപ്പോർട്ടുണ്ട്.
ഐതിഹ്യങ്ങളും മിത്തുകളും സമന്വയിപ്പിച്ച പാൻ-ഇന്ത്യൻ ഹൊറർ-ഫാന്റസി ത്രില്ലറാണ് രാജാസാബ്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട്, ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.