ശശികുമാറും സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി തമിഴ് ബോക്സ് ഓഫിസിൽ വിജയകൊടി പാറിച്ച് മുന്നേറുകയാണ്. അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മേയ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബജറ്റിന്റെ 100 ശതമാനവും തിരിച്ചുപിടിച്ചിട്ടുണ്ട്. 16 കോടിയായിരുന്നു ചിത്രത്തിന്‍റെ നിർമാണ ചെലവ്.
ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സില്‍ ഇട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് എക്സില്‍ ഒരു യൂസര്‍ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്താണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് യുവരാജ് ഗണേഷിന്‍റെ പോസ്റ്റ്. ടൂറിസ്റ്റ് ഫാമിലി ചിത്രത്തിന്‍റെ അവസാന ഫ്രെയിം പോസ്റ്റ് ചെയ്ത് 'ഈ വര്‍ഷത്തെ ഏറ്റവും മികച്ച പടം' എന്നാണ് ഒരു എക്സ് യൂസര്‍ പോസ്റ്റിട്ടത്.
എന്നാല്‍ ഇത് റീഷെയര്‍ ചെയ്ത നിർമാതാവ് എഴുതിയത് ഇങ്ങനെയാണ്, 'കാണുന്നത് വ്യാജപതിപ്പ്, എന്നിട്ട് അഭിനന്ദനവും' എന്നാണ്. ഇതുവരെ പുറത്തുവിടാത്ത വിഷ്വല്‍സാണ് സ്ക്രീന്‍ ഷോട്ടായി ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായതോടെയാണ് പോസ്റ്റ് ചെയ്തത് വ്യാജപതിപ്പാണെന്ന് കണ്ടെത്തിയത്.
ജിയോഹോട്ട്സ്റ്റാർ ചിത്രത്തിന്റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിങ് അവകാശങ്ങൾ നേടിയതോടെ, ഈ മാസം അവസാനത്തോടെ ചിത്രം പ്രദർശിപ്പിക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ ചിത്രം ജൂൺ ആറിന് സ്ട്രീം ചെയ്യാൻ തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് നിർമാതാക്കൾ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പങ്കുവെച്ചിട്ടില്ല.
മില്യൺ ഡോളർ സ്റ്റുഡിയോസും എം.ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിച്ച ചിത്രം ആദ്യ ദിവസം തന്നെ രണ്ട് കോടി രൂപ നേടി. ആദ്യ വാരാന്ത്യത്തിൽ 10 കോടി രൂപ കളക്ഷൻ ചിത്രം സ്വന്തമാക്കി. ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.