കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തയിൽ നിറഞ്ഞുനിൽക്കുകയാണ് നടൻ കൃഷ്ണകുമാറിന്‍റെ കുടുംബം. മകൾ ദിയയുടെ സ്ഥാപനത്തിൽ ഉണ്ടായ പ്രശ്നങ്ങളെ ചൊല്ലി വലിയ പ്രതിസന്ധികളിലൂടെയാണ് കുടുംബം കടന്നുപോയത്. ഇപ്പോൾ പ്രതിസന്ധിഘട്ടത്തിൽ തങ്ങളോടൊപ്പം നിന്നതിന് നന്ദി പറയുകയാണ് നടി അഹാന കൃഷ്ണയും സഹോദരി ദിയ കൃഷ്ണയും.
കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു. എന്നാൽ ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടാണ് അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റെല്ലാവർക്കും കഠിനമായിരുന്നു ദിവസങ്ങൾ. ജനങ്ങളുടെ നിരുപാധിക പിന്തുണ കൊണ്ടാണ് ഈ ദിനങ്ങൾ മറികടക്കാൻ കഴിഞ്ഞതെന്ന് ദിയ കൃഷ്ണയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്:
‘‘പ്രതിസന്ധിക്കിടയിലും എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു. പക്ഷേ നിങ്ങൾ ഓരോരുത്തരും എന്നിലും എന്റെ കുടുംബത്തിലും അർപ്പിച്ച വിശ്വാസവും സ്നേഹവും കാരണം ആ ഇരുട്ട് അറിഞ്ഞതേയില്ല.
നിങ്ങളുടെ സ്നേഹത്തിന്റെ വെളിച്ചം ഞങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹവും സംരക്ഷണവും തന്നു. മനുഷ്യത്വത്തിലും സത്യത്തിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിലെ എല്ലാർവക്കും നന്ദി. കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നിയമപരമായി മുന്നോട്ട് പോവുകയാണ്.
നിങ്ങളെപ്പോലെ ഈ കേസിന്റെ സ്വാഭാവിക നടപടികളും പരിണിതഫലവും ഞങ്ങളും കാത്തിരിക്കുകയാണ്. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഒരിക്കൽ കൂടി നിങ്ങൾ ഓരോരുത്തർക്കും നന്ദി.’’
ദിയ കൃഷ്ണയുടെ കുറിപ്പ്:
‘‘കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കും കുഞ്ഞിനും കുടുംബത്തിനും വളരെയധികം കഠിനമായിരുന്നു. ഈ വിഷമഘട്ടത്തിൽ എന്നെയും എന്റെ കുടുംബത്തെയും പിന്തുണച്ച മാധ്യമങ്ങൾക്കും എല്ലാവർക്കും നന്ദി പറയുന്നു. ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഇത് എന്നെ ഹൃദയം കൊണ്ടും മനസ്സുകൊണ്ടും കൂടുതൽ ശക്തയാക്കി.
കുറ്റകൃത്യങ്ങൾക്കെതിരെ കേരളീയർ ഒറ്റക്കെട്ടാണെന്ന് നിങ്ങൾ എനിക്ക് മനസ്സിലാക്കി തന്നു. എനിക്കും എന്റെ കുടുംബത്തിനും നിങ്ങൾ നൽകിയ വലിയ സ്നേഹത്തിനും പിന്തുണക്കും എല്ലാവർക്കും നന്ദി."
കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെ കൃഷ്ണകുമാർ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പെൺകുട്ടികളും രംഗത്തെത്തി. വിഡിയോ ക്ലിപ്പുകളും മറ്റും രണ്ടു വിഭാഗവും പുറത്തുവിട്ടു. രണ്ട് പരാതികളിലും പൊലീസ് അന്വേഷണം നടത്തുകയാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.