ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ഹൊറർ ചിത്രമായ കോൺജൂറിങ്ങ് ഫ്രാഞ്ചൈസിയുടെ അവസാന ഭാഗം, സെപ്റ്റംബർ 5ന് പുറത്തിറങ്ങിയിരുന്നു. 'ദി കോൺജൂറിങ്ങ്;ലാസ്റ്റ് റൈറ്റ്സ്' എന്ന സീരിസ് റിലീസായതോടെ ലോകമെമ്പാടുമുളള ബോക്സ് ഓഫിസ് വിജയം നേടി.
55 മില്ല്യൺ ഡോളറിൽ നിർമിക്കപ്പെട്ട (ഇന്ത്യൻ രൂപയിൽ 487 കോടി)ചിത്രം വേൾഡ് വൈഡായി 495 മില്ല്യൺ ഡോളറാണ് (4389 കോടി)നേടിയത്. പരമ്പരയിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായും ഇത് മാറിയിരുന്നു.
ഇപ്പോൾ സീരിസ് ടെലിവിഷനിൽ പ്രീമിയർ ചെയ്യാനുളള തയാറെടുപ്പിലാണ്. 'ദി കോൺജൂറിങ്ങ്;ലാസ്റ്റ് റൈറ്റ്സ്' എച്ച്.ബി.ഒ മാക്സ് വഴി നവംബർ 21 വെളളിയാഴ്ച റിലീസ് ചെയ്യും 22 ശനിയാഴ്ച ലീനിയർ ടെലിവിഷനിൽ രാത്രി എട്ട് മണിക്കും കാണാം.
2025 ൽ കോൺജൂറിങ്ങ് ഫ്രാഞ്ചൈസി അതിന്‍റെ 12 വർഷങ്ങൾ ആഘോഷിച്ചിരുന്നു. എല്ലാ കോൺജൂറിങ്ങ് ഫ്രാഞ്ചൈസികളുടെയും വിതരണക്കാരനായ വാർണർ ബ്രദേഴ്സ് ഡിസ്കവറി ന്യു ലൈൻ സിനിമ നവംബർ 22 ന് എല്ലാ സീരിസുകളും എച്ച്.ബി.ഒ മാക്സ് വഴി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
മൈക്കൽ ചാവോസ് സംവിധാനം ചെയ്ത ഇയാൻ ഗോൾഡ് ബെർഗ്, റിച്ചാർഡ് നെയ്ങ്, ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക്ക് എന്നിവർ ചേർന്ന് രചിച്ച 2025 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രമാണിത്. വേര ഫാർമിഗ,പാട്രിക്ക് വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2013ലാണ് പരമ്പരയിലെ ആദ്യ സിനിമയായ 'ദി കോൺജൂറിങ്ങ്'പുറത്തിറങ്ങുന്നത്. ജയിംസ് വാൻ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. രണ്ടാം ഭാഗമായ 'ദി കോൺജൂറിങ്ങ് 2' 2016 ലും റിലീസായി. 'ദി കോൺജൂറിങ്ങ്, ദി ഡെവിൾ മേഡ് മീ ഡു ഇറ്റ് ' , 'അന്നാബെൽ', 'അന്നാബെൽ ക്രിയേഷൻ', 'അന്നാബെൽ കംസ് ഹോം', 'ദി നോൺ എന്നിങ്ങനെയാണ് മറ്റ് സീരിസുകൾ. ലോകത്തെ ഏറ്റവും വിജയകരമായ ഹൊറർ മൂവി ഫ്രഞ്ചൈസിയാണ് കോൺജൂറിങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.