കമൽ ഹാസൻ, ശ്രീദേവി
ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരങ്ങളാണ് കമൽ ഹാസനും ശ്രീദേവിയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾക്ക് പ്രത്യേക ആരാധകർ തന്നെ ഉണ്ട്. തെന്നിന്ത്യൻ സിനിമകളിൽ കമൽ-ശ്രീദേവി ജോഡിയിൽ സിനിമ എത്തുന്നു എന്നു പറഞ്ഞാൻ ചിത്രം റിലീസിനു മുമ്പുതന്നെ വിജയിച്ചു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്.
1983ൽ പുറത്തിറങ്ങിയ 'സദ്മ' എന്ന ചിത്രത്തിലെ ഇരുവരുടേയും പ്രകടനം ഇപ്പോഴും പ്രശംസ നേടാറുണ്ട്. വിവാഹ ജീവിതത്തിലെ വൈകാരികതയും ഇരുവരും തമ്മിലുള്ള ജോടി പൊരുത്തവും കൊണ്ട് ഇവർ ഒന്നിച്ചിരുന്നെങ്കിലെന്ന് ശ്രീദേവിയുടെ അമ്മതന്നെ ആഗ്രഹിച്ചിരുന്നുവെന്ന് കമൽ പറഞ്ഞിരുന്നു.
2018ൽ അന്തരിച്ച നടി ശ്രീദേവിയുടെ മരണശേഷം കമൽഹാസൻ എഴുതിയ 'ദി ട്വന്‍റി എയ്റ്റ് അവതാർസ് ഓഫ് ശ്രീദേവി' എന്ന ഹൃദയസ്പർശിയായ കുറിപ്പിലാണ് കമൽ വെളിപ്പെടുത്തൽ നടത്തിയത്. ശ്രീദേവിക്കുള്ള ആദരസൂചകമായി നടന്ന അനുസ്മരണ ചടങ്ങിൽ കമൽ-ശ്രീദേവി സൗഹൃദത്തെ പ്രതിഫലിപ്പിച്ചുകൊണ്ടാണ് നടൻ കുറിപ്പ് പരസ്യമായി വായിച്ചത്.
ശ്രീദേവിയുടെ അമ്മ പലപ്പോഴും തങ്ങളുടെ വിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് കമൽഹാസൻ കുറിപ്പിൽ പങ്കുവെച്ചു. എന്നാൽ താൻ ആ നിർദേശം സ്നേഹപൂർവം നിരസിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീദേവിയെ സ്വന്തം കുടുംബത്തിലെ ഒരാളായാണ് കാണുന്നതെന്നും അവരെ വിവാഹം കഴിക്കുന്നത് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അവരുടെ ബന്ധം ആഴത്തിലുള്ളതും പരസ്പര ബഹുമാനമുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിലുടനീളം ശ്രീദേവിക്ക് തന്നോട് അതേ ബന്ധം ഉണ്ടായിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.
ശ്രീദേവി എപ്പോഴും തന്നെ 'സർ' എന്നാണ് വിളിച്ചിരുന്നത് എന്ന് കമൽ ഓർത്തു. അത് അദ്ദേഹത്തോടുള്ള അതിരറ്റ ബഹുമാനത്തിന്റെ അടയാളമായിരുന്നു. പ്രണയത്തെക്കാൾ പരസ്പര ആരാധനയും വിശ്വാസവുമാണ് അവരുടെ ബന്ധത്തെ നിർവചിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
1976ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത 'മൂണ്ട്രു മുടിച്ചു' എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. ആ സമയത്ത് ശ്രീദേവിക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം. സിനിമയിൽ സഹനടനും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന കമൽഹാസനെയാണ് ശ്രീദേവിയെ വരികളും രംഗങ്ങളും പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചിരുന്നത്. അതിനുശേഷം ഇരുവരും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.