ഷറഫുദ്ദീൻ നായകനായ ഫാമിലി എന്റർടൈനർ ‘മധുവിധു’ ഒ.ടി.ടിയിൽ...; എവിടെ കാണാം?

ഷറഫുദ്ദീൻ നായകനായി നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം ‘മധുവിധു’ ഒ.ടി.ടിയിൽ. തിയറ്ററുകളിൽ ചിരി പടർത്തിയ ഈ ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മെയ് 22 മുതൽ സ്ട്രീമിങ് ആരംഭിച്ചു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ഈ ചിത്രം കുടുംബബന്ധങ്ങളുടെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം എന്ന പ്രത്യേകതയും മധുവിധുവിനുണ്ട്.

അടൂർ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം അമ്മു എന്ന് വിളിക്കുന്ന അമൃതരാജിന്റെയും അവളുടെ വിചിത്രമായ ആഞ്ഞിലിമൂട്ടിൽ തറവാടിന്റെയും കഥയാണ്. പുരുഷന്മാർ മാത്രം താമസിക്കുന്ന ഈ വീട്ടിലെ ചില കുടുംബ ശാപങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ അമ്മുവിന്റെ കല്യാണാലോചനകളെ ബാധിക്കുന്നു. എന്നാൽ സ്നേഹ മാർക്കോസ് എന്ന പെൺകുട്ടി അമ്മുവിന്റെ ജീവിതത്തിലേക്ക് എത്തുന്നതോടെ ആ തറവാട്ടിലെ കഥകളാകെ മാറുന്നു. വിവാഹശേഷം ഒരു നവദമ്പതികൾ നേരിടേണ്ടി വരുന്ന വൈകാരികമായ ക്രമീകരണങ്ങളും കുടുംബ പ്രശ്നങ്ങളുമാണ് ഹാസ്യത്തിൽ ചാലിച്ച ഈ ചിത്രം പങ്കുവെക്കുന്നത്.

ഷറഫുദ്ദീനും കല്യാണി പണിക്കർക്കും പുറമെ ജഗദീഷ്, സായ്കുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം: ഹീഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം: വിശ്വജിത്ത് ഒടുക്കത്തിൽ, എഡിറ്റിങ്: ക്രിസ്റ്റി സെബാസ്റ്റ്യൻ, തിരുവനന്തപുരം ആസ്ഥാനമായ ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ ശാന്തകുമാറും മാളവിക കൃഷ്ണദാസും ചേർന്നാണ് സഹനിർമാണം.

Tags:    
News Summary - Sharafudeen's family entertainer 'Madhuvidhu' to be released on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.