ശ്രീകുമാര്‍ മേനോൻ തിരക്കഥ എം.ടിക്ക് തിരികെ നൽകും; കേസ് ഒത്തുതീർപ്പിലേക്ക്

കോഴിക്കോട‌്: രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എം.ടി.വാസുദേവൻ നായരും സംവിധായകൻ വി.എ ശ്രീകുമാർ മേനോനുമായുള്ള കേസ് ഒത്തു തീർപ്പിലേക്ക്. കഥക്കും തിരക്കഥക്കും എം.ടിക്ക് പൂർണ അവകാശമുണ്ട്. ശ്രീകുമാർ മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും. ഇതിന്‍റെയടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ ശ്രീകുമാർ മേനോൻ ഹരജി പിൻവലിക്കാൻ അപേക്ഷനൽകി.

തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കും. രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് കോടതിയിൽ എം.ടിയാണ് ആദ്യംകേസ് നൽകിയത്. സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ, അദ്ദേഹം മാനേജിങ്ങ് ഡയറക്ടറായ എർത് ആൻറ് എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ എം.ടി.നൽകിയ ഹരജിയിൽ കോടതി ശ്രീകുമാർ മേനോൻ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നത‌് താൽക്കാലികമായി തടഞ്ഞ് ഉത്തരവിട്ടിരുന്നു. 

ആർബ്രിേട്രറ്റർ മുഖേന മധ്യസ്ഥതയിലൂടെ കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ ശ്രീകുമാർ മേനോൻ നൽകിയ ഹരജി കോടതി തള്ളുകയും ചെയ്തു. ഇതിനെതിരെ ശ്രീകുമാരൻ മേനോൻ ജില്ല കോടതിയിലും ഹൈക്കോടതിയിലും നൽകിയ ഹരജികളിൽ എം.ടിക്ക് അനുകൂല വിധിയുണ്ടായതിനെതുടർന്നാണ് സുപ്രീം കോടതിയിലെത്തിയത്. സുപ്രീം കോടതിയിൽ തിങ്കളാഴ്ച കേസിൽ തീരുമാനമായ ശേഷമേ എന്തെങ്കിലും പറയാനവുള്ളൂവെന്നാണ് എം.ടി.യുടെ പ്രതികരണം.

2014 ഡിസംബറിലുണ്ടാക്കിയ കരാർ പ്രകാരം രണ്ടാമൂഴത്തിെൻറ തിരക്കഥ കൈമാറിയിട്ടും നിശ്ചിത കാലത്തിനകം സിനിമയാക്കാതെ വൈകിപ്പിച്ചതിനെ തുടർന്ന് കഥ തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് എം.ടി. അഡ്വ. കെ.ബി.ശിവരാമകൃഷ്ണൻ മുഖേന കോടതിയിലെത്തിയത്. രണ്ട് കോടി രൂപ പ്രതിഫലത്തിന് തിരക്കഥ കൈമാറാനായിരുന്നു കരാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.