നിരന്തരം ബോക്സോഫിസിൽ പടങ്ങൾ തകരുന്നതിനൊടുവിൽ അക്ഷയ് കുമാർ ഏറെ പ്രതീക്ഷ പുലർത്തിയ പടമാണ് 'സ്കൈ ഫോഴ്സ്'. സിനിമയിൽ വിങ് കമാൻഡർ കെ.ഒ. അഹുജ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യ സർഗോധ എയർബേസ് ആക്രമിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അക്ഷയ് കുമാറിനൊപ്പം പുതുമുഖ നടൻ വീർ പഹാരിയ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് വിലയിരുത്തൽ.
ജനുവരി 24ന് റിലീസായ ചിത്രം 10 ദിവസം കൊണ്ട് 100 കോടി പിന്നിട്ടെന്നാണ് അണിയറക്കാരുടെ അവകാശവാദം. എന്നാൽ, ഇതിനെ ചോദ്യംചെയ്യുകയാണ് പ്രമുഖ ഫിലിം ട്രേഡ് അനലിസ്റ്റായ കോമൾ നഹ്ത. ചിത്രത്തിന്‍റെ കലക്ഷൻ നിർമാതാക്കൾ പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. 'ബ്ലോക്ക് ബുക്കിങ്' വഴിയാണ് കലക്ഷൻ വർധിപ്പിക്കുന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നു.
നിർമാണക്കമ്പനിയായ മഡ്ഡോക്ക് ഫിലിംസിന്‍റെ പോസ്റ്റ് പ്രകാരം ആദ്യ ആഴ്ചയിൽ സ്കൈ ഫോഴ്സ് നേടിയത് 99.7 കോടിയാണ്. എട്ടാം ദിനം 4.6 കോടിയും ഒമ്പതാം ദിനം 7.4 കോടിയും കലക്ഷൻ നേടിയതായും ഇവർ അവകാശപ്പെടുന്നു.
എന്നാൽ, ആദ്യ ആഴ്ചയിൽ 40.5 കോടി മാത്രമാണ് സിനിമക്ക് നേടാനായത് എന്നാണ് ഫിലിം ട്രേഡ് അനലിസ്റ്റായ കോമൾ നഹ്ത പറയുന്നത്. വൻ തോതിലുള്ള ബ്ലോക്ക് ബുക്കിങ്ങിലൂടെ കലക്ഷൻ പെരുപ്പിച്ച് കാട്ടിയാണ് ആദ്യ ആഴ്ചയിൽ തന്നെ 100 കോടിക്കടുത്ത് കലക്ഷൻ നേടിയതായി കാണിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. ബുക്ക് ചെയ്യാതെ ഒഴിവുവരുന്ന സീറ്റുകൾ കൂട്ടമായി സിനിമയുടെ അണിയറക്കാർ തന്നെ ഒറ്റയടിക്ക് ബുക്ക് ചെയ്തിടുന്ന രീതിയാണ് ബ്ലോക്ക് ബുക്കിങ്. ഇതുവഴി സിനിമയുടെ കലക്ഷൻ പെരുപ്പിച്ച് കാണിക്കാനും അതേസമയം ടിക്കറ്റുകൾ ഹൗസ് ഫുള്ളാണെന്ന പ്രതീതി ജനിപ്പിക്കാനും സാധിക്കും -കോമൾ നഹ്ത പറയുന്നു.
ബോളിവുഡിന്‍റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ബ്ലോക്ക് ബുക്കിങ്ങാണ് സ്കൈ ഫോഴ്സിനായി നടക്കുന്നത് എന്നാണ് കോമൾ നഹ്തയുടെ അഭിപ്രായം. ബുക്മൈഷോ ആപ്പിൽ ഹൗസ് ഫുള്ളായി കാണിക്കുന്ന തിയറ്ററുകളിൽ പടം കാണാൻ വളരെ കുറച്ച് ആളുകൾ മാത്രമാണുള്ളത്. ബാക്കി സീറ്റുകളെല്ലാം ബ്ലോക്ക് ബുക്കിങ് നടത്തിയിരിക്കുകയാണ്. ആദ്യഘട്ടത്തിൽ രാജ്യമെമ്പാടുമുള്ള തിയറ്ററുകളിൽ ബ്ലോക്ക് ബുക്കിങ് നടന്നിരുന്നെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ, പിന്നീട് പി.വി.ആർ ഇനോക്സിന്‍റെ മൾട്ടിപ്ലക്സുകളിലാണ് കൂടുതലായും ബ്ലോക്ക് ബുക്കിങ് നടന്നത്. കാരണം, പി.വി.ആർ ഇനോക്സ് ഫിലിംസാണ് സ്കൈ ഫോഴ്സിന്‍റെ ആൾ ഇന്ത്യ വിതരണക്കാർ -കോമൾ നഹ്ത ചൂണ്ടിക്കാട്ടി.
അക്ഷയ് കുമാറിനും വീർ പഹാരിയക്കുമൊപ്പം സാറ അലി ഖാൻ, നിമ്രത് കൗർ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഭിഷേക് അനിൽ കപൂറും സന്ദീപ് കെവ്‌ലാനിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമിക്കുന്നത് മഡ്ഡോക്ക് ഫിലിംസിന് കീഴിൽ ദിനേഷ് വിജനും അമർ കൗശിക്കും ജിയോ സ്റ്റുഡിയോസിന് കീഴിൽ ജ്യോതി ദേശ്പാണ്ഡെയുമാണ്. ശരദ് കേൽക്കർ, മോഹിത് ചൗഹാൻ, മനീഷ് ചൗധരി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.