റേപ്പ് ജോക്കുകളെ സാധാരണവത്ക്കരിച്ച ദിലീപ് ചിത്രം; 'ഭഭബ' ഒ.ടി.ടിയിലേക്ക്...

ബലാത്സംഗ കേസിൽ കുറ്റവിമുക്തനായ ശേഷമുള്ള ദിലീപിന്റെ ആദ്യ റിലീസാണ് 'ഭഭബ'. ഡിസംബർ 18നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ ഉണ്ടായിട്ടും ചിത്രത്തിന് പിടിച്ചു നിൽക്കാനായില്ല. മോഹൻലാലിന്‍റെ താരമൂല്യം പോലും ചിത്രത്തിന് ഉപയോഗിക്കാനായില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ, ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജനുവരി 16 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സീ5ലാണ് ചിത്രം സ്ട്രീം ചെയ്യുക. ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെയാണ് ചിത്രം എത്തുന്നത്. മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം ലഭ്യമാകുമോ എന്നത് വ്യക്തമല്ല. റിലീസിന് ശേഷം വലിയ വിമർശനങ്ങളാണ് ചിത്രം നേരിട്ടത്. റേപ്പ് ജോക്കുകളെ സാധാരണവത്ക്കരിക്കുന്ന ഡയലോഗുകൾ ചിത്രത്തിൽ ഉണ്ട്. ഇതിനെ പ്രേക്ഷകർ വലിയ തോതിൽ വിമർശിച്ചു.

സിനിമയുടെ പോസ്റ്ററും ട്രെയിലറും പങ്കുവെച്ച മോഹൻലാലിനെ വിമർശിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള വിയോജിപ്പ് മുമ്പ് തന്നെ പലരും പ്രകടിപ്പിച്ചതാണ്. ഇതിന് പിന്നാലെയാണ് മോഹൻലാൽ സിനിമയുടെ ട്രെയിലർ പങ്കുവെച്ചത്. 'ടി.വിയിൽ വന്നാൽ പോലും കാണില്ല' എന്നായിരുന്നു അതിന് ആരാധകർ നൽകിയ കമന്‍റ്.

'ലാലേട്ടന്‍റെ സിനിമകളോട് വിരോധമില്ല, പക്ഷേ കഴിഞ്ഞ എട്ട് വർഷമായി ദിലീപ് അഭിനയിക്കുന്ന സിനിമകൾ ഒ.ടി.ടിയിൽ പോലും കണ്ടിട്ടില്ല അതിനാൽ ഇതും കാണാൻ ഉദ്ദേശിക്കുന്നില്ല' എന്നും 'മോഹൻലാലിന് ദിലീപിനെ പേടിയാണോ' എന്നും പലരും കമന്‍റ് ചെയ്തിരുന്നു. പലരും ചിത്രം ബോയ്ക്കോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

ക്രിസ്മസ് അവധി പോലും മുതലെടുക്കാനാകാതെ പോയ ചിത്രത്തെ ആദ്യ വീക്കെന്‍ഡില്‍ തന്നെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബയുടെ സംവിധായകൻ. ആദ്യ മൂന്ന് ദിവസം കൊണ്ട് 33 കോടി നേടിയ ചിത്രം പിന്നീട് കലക്ഷന്റെ കാര്യത്തില്‍ കിതക്കുകയായിരുന്നു. 50 കോടിയിലേക്ക് കടക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ചിത്രത്തിന് ലോകമെമ്പാടുമായി പോലും ഇതുവരെ 50 കോടി തൊടാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - bhabhaba ott release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.