അടുത്ത വർഷം മാർച്ചിൽ നടക്കുന്ന 98-ാമത് അക്കാദമി അവാർഡുകളിലേക്ക് നിരവധി അറബ് രാജ്യങ്ങളും അറബ് വംശജരായ ചലച്ചിത്ര നിർമാതാക്കളും എൻട്രികൾ സമർപ്പിച്ചു. മൊത്തം ആറ് സിനിമകളാണ് ഉള്ളത്. ഫലസ്തീൻ സിനിമയായ ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, ഈജിപ്ഷ്യൻ സിനിമയായ ഹാപ്പി ബർത്ത്ഡേ, ടുണീഷ്യൻ സിനിമയായ ദി വോയ്സ് ഓഫ് ഹിന്ദ് റജബ്, മൊറോക്കൻ സിനിമയായ കല്ലെ മലാഗ, ഇറാഖി സിനിമയായ ദി പ്രസിഡന്റ്സ് കേക്ക്, സ്വീഡിഷ് ചിത്രമായ ഈഗിൾസ് ഓഫ് റിപ്പബ്ലിക് എന്നീ സിനിമകളാണ് ഓസ്കറിനായി സമർപ്പിച്ചിട്ടുള്ളത്.
1948 മുതൽ ഇന്നുവരെയുള്ള ഒരു ഫലസ്തീൻ കുടുംബത്തിന്റെ പോരാട്ടങ്ങളെയും ഓർമകളെയും പിന്തുടരുന്ന ഡ്രാമയാണ് ‘ഓൾ ദാറ്റസ് ലെഫ്റ്റ് ഓഫ് യു’. ഫലസ്തീൻ സംവിധായകൻ ചെറീൻ ഡാബിസാണ് സിനിമ നിർമിച്ചത്. ജനുവരി 25 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്.
ഈജിപ്ഷ്യൻ ചലച്ചിത്ര നിർമാതാവ് സാറാ ഗോഹറിന്റേതാണ് ഈ ചിത്രം. കെയ്‌റോയിൽ തന്റെ ധനികയായ സുഹൃത്തിന്റെ ജന്മദിനം വിജയകരമാക്കാൻ ശ്രമിക്കുന്ന എട്ട് വയസ്സുള്ള ഒരു ബാലവേലക്കാരിയെ പിന്തുടരുന്നതാണ് സിനിമ.
2024 ജനുവരിയിൽ ഗസ്സയിൽ നിന്ന് കാറിൽ പലായനം ചെയ്യുന്നതിനിടെ അഞ്ച് വയസ്സുള്ള ഹിന്ദ് റജബിനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ദാരുണമായ സംഭവങ്ങളുടെ പുനർനിർമാണമാണ് ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’. ടുണീഷ്യൻ സംവിധായകൻ കൗതർ ബെൻ ഹാനിയയുടേതാണ് ചിത്രം.
മൊറോക്കൻ സംവിധായിക മറിയം ടൗസാനി സംവിധാനം ചെയ്ത ഈ കഥയിൽ, മൊറോക്കോയിെല തന്റെ ബാല്യകാല വീട് മകൾ വിൽക്കാൻ ഒരുങ്ങിയതിനെ തുടർന്ന് അവിടെ തന്നെ തുടരാൻ തീരുമാനിച്ച മരിയ ആഞ്ചലസ് എന്ന സ്ത്രീയെക്കുറിച്ചാണ് പറയുന്നത്.
ഇറാഖി സംവിധായകൻ ഹസൻ ഹാദി സംവിധാനം ചെയ്ത സിനിമയിൽ പ്രസിഡന്റിന് വേണ്ടി ജന്മദിന കേക്ക് ഉണ്ടാക്കിയില്ലെങ്കിൽ ശിക്ഷ അനുഭവിക്കണ്ടി വരുന്ന ഒൻപത് വയസ്സുള്ള ലാമിയയുടെ കഥയാണ് പറയുന്നത്.
സ്വീഡിഷ് ഈജിപ്ഷ്യൻ സംവിധായകൻ താരിക് സാലിഹ് നിർമിച്ച ഈ സിനിമയിൽ പൊതുജനങ്ങളുടെ മുന്നിൽ തകർന്നു വീഴുന്ന ഒരു സാങ്കൽപ്പിക ഈജിപ്ഷ്യൻ നടനെ കുറിച്ചാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.