കൊച്ചിയിൽ നടന്ന പരാശക്തിയുടെ പ്രീ-റിലീസ് പരിപാടിയിൽ, ചിത്രം മലയാളികൾക്കായി കരുതിവെച്ച സസ്പെൻസ് പൊളിച്ച് നടൻ ശിവകാർത്തികേയൻ. ചിത്രത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് അതിഥി വേഷത്തിൽ എത്തുന്നതായി ചടങ്ങിൽ സംസാരിക്കവേ ശിവകാർത്തികേയൻ വെളിപ്പെടുത്തി. സസ്‌പെൻസ് പൊളിച്ചു എന്ന് അവതാരകൻ തമാശയായി പറഞ്ഞപ്പോൾ, സുധ കൊങ്കരയുമായി സംസാരിച്ച ശേഷമാണ് താൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ശിവകാർത്തികേയൻ വ്യക്തമാക്കി.
'എല്ലാവരും സ്നേഹിക്കുന്ന, എന്റെ പ്രിയ സുഹൃത്ത് ബേസിൽ ചിത്രത്തിൽ അഭിനയിക്കുന്നു. ഷൂട്ട് കഴിഞ്ഞ് രണ്ടുമൂന്ന് ദിവസം അദ്ദേഹം ശ്രീലങ്കയിൽ തങ്ങിയിരുന്നു. ഏത് പടമാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്ന് ബേസിലിനോട് ഞാൻ ചോദിച്ചു. എർളി സ്റ്റാറിൽ നിന്ന് മന്ത്‌ലി സ്റ്റാറും അതിൽ നിന്ന് ഇപ്പോൾ വീക്കിലി സ്റ്റാറും ആയെന്നും എല്ലാ ആഴ്ചയിലും പടം ഇറങ്ങുന്നത് കൊണ്ട് ഇപ്പോൾ കുറച്ച് പടങ്ങളിലേ അഭിനയിക്കുന്നുള്ളൂവെന്നുമായിരുന്നു മറുപടി' -എന്ന് ശിവകാർത്തിയേൻ പറഞ്ഞു.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബ്യൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.
സീ ഫൈവ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ 52 കോടി രൂപക്ക് സ്വന്തമാക്കിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തുകക്ക് വിറ്റഴിച്ച ചിത്രം കൂടിയാണിത്. ശിവകാർത്തികേയന്റെ 25-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദി പ്രതിഷേധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. നടൻ രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.