ബോളിവുഡ് നിർമാതാവ് ബോണി കപൂറിന്റേതെന്ന് കരുതുന്ന 39 ലക്ഷം രൂപ വില മതിക്കുന്ന 66 കിലോ വെള്ളി പാത്രങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തു. കർണാടകയിലെ ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവൻഗരെയിൽ നിന്നാണ് പാത്രങ്ങൾ പിടികൂടിയത്.
ആവശ്യമായ രേഖകളില്ലാതെ ബി.എം.ഡബ്ല്യു കാറിൽ അഞ്ച് പെട്ടികളിലായി ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് കൊണ്ടു പോവുകയായിരുന്നു സാധനങ്ങൾ. വെള്ളി പാത്രങ്ങൾ, സ്പൂൺ, കപ്പ്, പ്ലേറ്റ് എന്നിവയാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
വാഹനത്തിൽ യാത്ര ചെയ്തവർക്കെതിരെ ദാവൻഗരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ. ചോദ്യം ചെയ്യലിൽ പാത്രങ്ങൾ ബോണി കപൂറിന്റെ കുടുംബത്തിന്റേതാണെന്ന് പ്രതികൾ സമ്മതിച്ചു.
അതേസമയം, മൊഴിയുടെ ആധികാരികതയും സാധനങ്ങളുടെ ഉടമസ്ഥതയും അന്വേഷിച്ച് ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു.
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ഭർത്താവും യുവ നടി ജാൻവി കപൂറിന്‍റെ പിതാവുമാണ് ബോണി കപൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.