റിലീസിന് മുമ്പ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷെയ്ൻ നിഗം നായകനായ ചിത്രം 'ഹാൽ' ഒ.ടി.ടിയിലേക്ക്. തിയറ്റർ റിലീസ് മുമ്പ് വിവാദങ്ങളിലകപ്പെട്ട ചിത്രം ഏപ്രിൽ പത്തിന് സൺ നെക്സ്റ്റിലൂടെ കാണാം. ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് യു.എ 16+ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്.
ക്രിസ്ത്യൻ, മുസ്ലിം പ്രണയവും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) റിക്രൂട്ടിങ്ങും, മുസ്‌ലിം വിരുദ്ധതയുമെല്ലാം ചിത്രത്തിൽ ഉണ്ടെന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഒരു റാപ്പറായാണ് ഷെയ്ൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 16 ഇടങ്ങളാണ് ഒഴിവാക്കണമെന്ന് സെൻസർബോർഡ് മുമ്പ് നിർദേശിച്ചിരുന്നത്. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ 16 ഇടങ്ങളിൽ വെട്ടിക്കുറക്കലുകൾ വരുത്തണമെന്നായിരുന്നു സി.ബി.എഫ്.സി.യുടെ നിലപാട്.
എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗ്ൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സി.ബി.എഫ്.സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈകോടതി തള്ളുകയുണ്ടായി. സിംഗ്ള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ മറുപടി.
സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ.വി.ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.