ശ്രീനിവാസന്റെ വിയോഗത്തില്‍ ദു:ഖം അടക്കാനാകാതെ വിതുമ്പി അടുത്ത സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാട്. ഏറെ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീനിവാസനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത് പൂർത്തിയാക്കാനാകാതെ അദ്ദേഹം മടങ്ങുകയായിരുന്നു.
''എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാനും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധം. ശ്രീനി കുറേ നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്നും സംസാരിച്ചു. അതിനിടക്ക് പുള്ളി ഒന്ന് വീണു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ജറിയൊക്കെ കഴിഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ നടന്നു തുടങ്ങി. വാക്കറില്‍ നടക്കാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നത് എന്ന് പറഞ്ഞു.'' സത്യന്‍ അന്തിക്കാട് പറയുന്നു.
''ഇപ്പോഴും പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എപ്പോഴും വന്ന് അദ്ദേഹത്തെ ചാര്‍ജ് ചെയ്യും. രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടില്‍ പോകും. രാവിലെ തൊട്ട് വൈകുന്നേരം വരെ വീട്ടിലിരിക്കും. ബുദ്ധിയും ചിന്തകളുമൊക്കെ വളരെ ഷാര്‍പ്പാണ്. കഴിഞ്ഞ പ്രാവശ്യം എന്നോട് പറഞ്ഞു, മതിയായി എനിക്ക് എന്ന്. കുറച്ച് കാലമായി അസുഖമായി കിടക്കുകയാണല്ലോ. അതൊന്നും നോക്കിയിട്ട് കാര്യമില്ല നമുക്ക് തിരിച്ചുവരാമെന്ന് ഞാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം വീണ്ടും ചര്‍ച്ചായയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു...'' വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ സത്യന്‍ അന്തിക്കാട് വിതുമ്പി.
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. സിനിമക്ക് പുറത്തും വലിയ സൗഹൃദമാണ് ഇരുവരും കത്തുസൂക്ഷിച്ചിരുന്നത്. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ടി.പി ബാലഗോപാലന്‍ എം.എ മുതല്‍ ഞാന്‍ പ്രകാശന്‍ വരെയുള്ള സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.