സാന്ദ്രാ തോമസിനെതിരായ വധഭീഷണി; റെനി ജോസഫിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: സാന്ദ്രാ തോമസിനെതിരായ വധഭീഷണിയിൽ റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. സാന്ദ്ര തോമസിന് നേരെയുള്ള ക്രിമിനൽ സ്വഭാവമുള്ള ഭീഷണി യഥാർഥത്തിൽ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു.

മദ്യലഹരിയിലാണ് റെനി ഗ്രൂപ്പിൽ പോസ്റ്റിട്ടതെന്നും നേതൃത്വത്തിലുള്ള പലരെയും വിളിച്ച് ഇയാൾ അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയിൽ പറയുന്നു. ഫെഫ്ക നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്വഭാവ വൈകല്യത്തിന് ചികിത്സക്ക് വിധേയനാകുന്നുണ്ടെന്ന് അറിഞ്ഞെന്നും ഫെഫ്ക വ്യക്തമാക്കി. തനിക്കെതിരെയുണ്ടായ വധഭീഷണിയിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് സാന്ദ്രാ തോമസ് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുള്ള ഫെഫ്കയുടെ നടപടി.

ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് താങ്കള്‍ വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റെനി ജോസഫിനെ അറിയിച്ചിരുന്നതായും ഫെഫ്ക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രയെ 'തല്ലിക്കൊന്ന് കാട്ടിലെറിയും' എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തിയിരുന്നു. റെന്നി ജോസഫിന് പുറമെ മുകേഷ് തൃപ്പൂണിത്തുറയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.

തനിക്കും പിതാവിനും വധഭീഷണി ഉണ്ടെന്ന് കാണിച്ച മാർച്ച് 25 ന് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് സാന്ദ്ര പറഞ്ഞിരുന്നു. ഇതുവരെ നടപടിയെടുക്കാത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്കും വിജിലൻസ് വകുപ്പിനും പരാതി കൈമാറും. ഭീഷണിയുടെ ഓഡിയോ അടക്കം പരാതി നൽകിയിട്ടും നിരുത്തരവാദപരമായ രീതിയിലുള്ള പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നും പൊലീസിനെ സ്വാധീനിച്ചിട്ടുണ്ടെന്നും സാന്ദ്ര ആരോപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.