വിജയ് ദേവരകൊണ്ടയെ നായകനാക്കി സംവിധായകൻ ഗൗതം തിന്നനൂരി ഒരുക്കുന്ന തകർപ്പൻ ആക്ഷൻ എന്റർടെയ്‌നറായ 'കിങ്ഡം' എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചതായി നിർമാതാക്കൾ. മേയ് 30 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ജൂലൈ നാലിനായിരിക്കും ചിത്രത്തിന്‍റെ റിലീസ്. രാജ്യത്തിന്‍റെ സാഹചര്യം പ്രമോഷനുകൾക്കോ ആഘോഷങ്ങൾക്കോ യോജിച്ചതല്ലാത്തതിനാലാണ് തീരുമാനം എന്ന് നിർമാതക്കൾ അറിയിച്ചു.
'പ്രിയ പ്രേക്ഷകരെ, മേയ് 30 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന 'കിങ്ഡം' എന്ന സിനിമയുടെ റിലീസ് ജൂലൈ നാലിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. യഥാർഥ തീയതിയിൽ തന്നെ തുടരാനുള്ള എല്ലാ സാധ്യതകളും ഞങ്ങൾ പരിശോധിച്ചു, എന്നാൽ രാജ്യത്ത് അടുത്തിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും നിലവിലെ അന്തരീക്ഷവും പ്രമോഷനുകളോ ആഘോഷങ്ങളോ മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാക്കിയിരിക്കുന്നു' -എന്ന് ചിത്രത്തിന്റെ നിർമാണ കമ്പനികളിൽ ഒന്നായ സിതാര എന്റർടൈൻമെന്റ്സ് പ്രസ്താവനയിൽ അറിയിച്ചു.
ഈ തീരുമാനം ചിത്രത്തെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും നിർമാന കമ്പനി പറഞ്ഞു. പ്രേക്ഷകരുടെ പിന്തുണയെ വിലമതിക്കുന്നുണ്ടെന്നും ജൂലൈ നാലിന് തിയറ്ററിൽ പ്രേക്ഷകരുടെ സ്നേഹം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ പകുതിയുടെ ഡബ്ബിങ് പൂർത്തിയായതായി നിർമാതക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിത്താര എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിന്‍റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് വൈകും എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം പൂർത്തിയാക്കാത്തതാണ് റിലീസ് വൈകാൻ കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.