‘പരാശക്തി’ക്ക് പിന്നാലെ ‘റാവടി’യുമായി ബേസിൽ; തമിഴിലേക്ക് സ്വാഗതമെന്ന് ആരാധകർ

തമിഴിൽ അരങ്ങ് ഉറപ്പിക്കാൻ ബേസിൽ ജോസഫ്. 'റാവടി' എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിലേക്ക് കടന്നിരിക്കുകയാണ് ബേസിൽ. ശിവകാർത്തികേയൻ നായകനായെത്തിയ 'പരാശക്തി'യിലൂടെയാണ് ബേസിൽ തമിഴ് സിനിമാലോകത്ത് ചുവടുറപ്പിച്ചത്. ഡോമൻ ചാക്കോ എന്ന കാമിയോ റോളിലാണ് പരാശക്തിയിൽ ബേസിൽ എത്തിയത്. ബേസിലിന്റെ കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

നവാ​ഗതനായ വിഘ്നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രമായ റാവടിയുടെ ടീസർ പുറത്തുവന്നു. ഒരു പക്കാ കോളജ് എന്റർടെയ്നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ബേസിൽ ജോസഫ് സാധാരണയായി അഭിനയിക്കാറുള്ള കോമഡി വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഡാർക്ക് ത്രില്ലർ മൂഡിലാണ് 'റാവടി' ഒരുക്കിയിരിക്കുന്നത്. ടീസറിലെ വിഷ്വലുകളും പശ്ചാത്തല സംഗീതവും ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിന്റെ സൂചനയാണ് നൽകുന്നത്.

ഒരു മെന്‍സ് ഹോസ്റ്റലില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ സര്‍പ്രൈസായാണ് ബേസിലിനെ കാണിക്കുന്നത്. വിഡിയോയുടെ കമന്‍റ് ബോക്സിലാകെ ബേസിലിനെ തമിഴിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള കമന്‍റുകളാണ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഒരു ദ്വിഭാഷ കോമ‍ഡി ചിത്രമാണിത്.

എൽ.കെ അക്ഷയ് കുമാർ, ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി എ, ഷാരിഖ് ഹസ്സൻ, ഐശ്വര്യ ശർമ്മ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്.എസ് ലളിത് കുമാർ ആണ് ഈ സിനിമ നിർമിക്കുന്നത്. എൽ. കെ അക്ഷയ് കുമാർ സഹനിർമാതാവും കെ. അരുണും മണികണ്ഠനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. ബ്ലഡി ബെഗ്ഗർ, കിസ് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജെൻ മാർട്ടിൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Full View

Tags:    
News Summary - Rawadi teaser released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.