റത്തീന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാതിരാത്രി. നവ്യ നായരും സൗബിൻ ഷാഹിറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്‍റെ റിലീസ് ദിവസത്തിൽ റത്തീന സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ശ്രദ്ധ നേടുകയാണ്. പാതിരാത്രി തനിക്ക് വെറുമൊരു സിനിമയല്ലെന്നും നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണെന്നും പറയുകയാണ് സംവിധായിക.
തിയറ്ററിലെ വലിയ സ്ക്രീനിൽ എന്റെ സിനിമ തെളിഞ്ഞു വരുന്നത് സ്വപ്നം കണ്ടു നടന്ന എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. പുഴുവിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ഇന്ന് റിലീസ് ആവുകയാണ്. പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല. നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്. നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവും കരുതലും വിലമതിക്കാനാവാത്തതാണ്. സിനിമ തിയറ്ററിൽ തന്നെ കാണണം. അഭിപ്രായം അറിയിക്കണം.. കൂടെയുണ്ടാവണം...
-റത്തീന
സമ്പൂർണമായ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കഥാപാത്രങ്ങളെയാണ് സൗബിൻ ഷാഹിറും നവ്യ നായരും അവതരിപ്പിക്കുന്നത്. കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങൾ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ.
ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് നവ്യ സംസാരിച്ചിരുന്നു. 'ജീവിതത്തിൽ സ്റ്റക്കായി പോകുന്ന ചില മനുഷ്യരില്ലേ, മുമ്പിലേക്ക് എന്താണെന്ന് മനസിലാകാത്ത ചില സന്ദർഭങ്ങളിൽ, ചില ജീവിത സാഹചര്യങ്ങൾ കൊണ്ട് സ്റ്റക്കായി പോകുന്ന മനുഷ്യർ. അത്തരത്തിൽ ഉള്ളൊരു കഥാപാത്രമാണ്. എല്ലാ സ്ത്രീ കഥാപാത്രങ്ങളും നമുക്ക് കണ്ട് പരിചയമുള്ളവരായിരിക്കും. എപ്പോഴെങ്കിലും ഈ മൂന്ന് പേരിൽ ആരുടെയെങ്കിലും ഒരാളുടെ ജീവിത സാഹചര്യത്തിലൂടെ നമ്മൾ കടന്നു പോയിട്ടുണ്ടാകും' -എന്നാണ് നവ്യ പറഞ്ഞത്. 'ദി ക്യൂ'വിനോട് സംസാരിക്കുകയായിരുന്നു താരം.
യഥാർഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.