സിനിമയിൽ നിന്ന് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്; വെളിപ്പെടുത്തി രമ്യ നമ്പീശൻ

ലയാള സിനിമയിൽ നിന്ന് പല കാരണങ്ങളാൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി രമ്യ നമ്പീശൻ. ഇതിന്റെ പേരിൽ വീട്ടിൽ ഇരുന്ന് കരയുന്ന ആളല്ല താനെന്നും വൈകാരികമായി കാണുന്നതിനേക്കാൾ വളരെ അഭിമാനത്തോടെ കാണുന്ന ആളാണ് താനെന്നും രമ്യ ബി 32 മുതൽ 44 വരെ എന്നുള്ള ചിത്രത്തിന്റെ പ്രചരണഭാഗമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലപാടുകൾ പറയുമ്പോൾ നഷ്ടങ്ങൾ ഉണ്ടാകാം. നമ്മുടെ സിനിമാ മേഖലക്ക് പ്രത്യേക സ്വഭാവമുള്ളതുകൊണ്ട് നമുക്ക് പല കാര്യങ്ങളും നഷ്ടപ്പെടാം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തളർന്ന് ഇരിക്കരുതെന്ന് നമ്മൾ അതിജീവിതയെന്ന് വിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്‌നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംഘടന തുടങ്ങിയതും സംസാരിക്കുന്നതും. അത് പലര്‍ക്കും അരോചകമായി തോന്നും. സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ആകെയുള്ള വഴിയെന്നും രമ്യ വ്യക്തമാക്കി.

പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങളിലേക്കൊന്നും പക്ഷേ തമിഴ് സിനിമ എത്തിയിട്ടില്ല. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. തമിഴില്‍ നയന്‍താര, ഐശ്വര്യ രാജേഷ് എന്നിവരൊക്കെ സിനിമയില്‍ സ്വന്തം സ്ഥാനങ്ങള്‍ നേടിയെടുക്കുന്നത് വളരെ പ്രോത്സാഹനം നല്‍കുന്ന കാര്യമാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

നടന്മാരെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴും സിനിമ നടക്കുന്നത്. അര്‍ഹിക്കുന്ന ന്യായമായ വേതനം നടിമാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. തുല്യവേതനം എന്ന അവസ്ഥയിലേക്ക് നമ്മുടെ സിനിമയും ഇന്‍ഡസ്ട്രിയും വളരണമെന്നാണ് ആഗ്രഹം. ഒരു സ്ത്രീ സിനിമ പറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ വേറെന്തോ ഭാവമാണ്. അത്തരം സിനിമകള്‍ ഒന്ന് കാണുകയും കേള്‍ക്കുകയും ചെയ്ത് നോക്കൂ. അത് കേള്‍ക്കുന്നതിനും മുന്നേയുള്ള വിധിപ്രസ്താവത്തിലേക്കാണ് പോകുന്നത്. അതുതന്നെ ആദ്യം മാറണമെന്നും രമ്യ പറഞ്ഞു.

Tags:    
News Summary - Ramya nambeesan about cinema Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.