കേട്ടതൊന്നുമല്ല കണക്ക്; രാമായണ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം!

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണ. ചിത്രത്തിൽ രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്നു. രാമായണയുടെ ടീസർ ഇതിനകം തന്നെ തരംഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ടീസർ പുറത്തു വന്നതോടെ ചിത്രത്തിന്റെ സ്കെയിലിനെയും, ദൃശ്യങ്ങളെയും പലരും പ്രശംസിച്ചു. ഇതുവരെയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ഒരു പോഡ്‌കാസ്റ്റിൽ, രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ മൊത്തം ബജറ്റ് 4000 കോടി രൂപയാണെന്ന് നിർമാതാവ് നമിത് മൽഹോത്ര സ്ഥിരീകരിച്ചു. അത് ജെയിംസ് കാമറൂണിന്റെ അവതാറിന്‍റെ(ഭാഗം 1) ബജറ്റിനേക്കാൾ കൂടുതലാണ്. ഈ കണക്ക് രാമയണയെ ആഗോളതലത്തിൽ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.

രാമായണയിൽ ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്.

വാൽമീകി രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നമിത് മൽഹോത്രയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യും. എ.ആര്‍. റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതം ഒരുക്കുന്നത്.

ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിനിടെ നമിത് മൽഹോത്ര ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. ഓപ്പൺഹൈമർ, ഫോറസ്റ്റ് ഗമ്പ് എന്നീ ചിത്രങ്ങൾ പോലെ രാമായണയും ആഗോള ശ്രദ്ധ നേടുമെന്നാണ് നമിത് വിശ്വസിക്കുന്നത്.

Tags:    
News Summary - Ramayana budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.