തിയറ്ററുകളിൽ 175 ദിവസം, അന്നത്തെ കൂടുതൽ കലക്ഷൻ നേടിയ ചിത്രം; രജനീകാന്തിന്‍റെ പിറന്നാൾ ദിനത്തിൽ റീ റിലിസിനൊരുങ്ങി 'അണ്ണാമലൈ'

1992ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാമലൈ റീ റിലീസിനൊരുങ്ങുന്നു. നടന്റെ ജന്മദിനമായ ഡിസംബർ 12ന് ചിത്രം വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്യും. ക്രോംപേട്ടിലെ വെട്രി തിയറ്ററുകളുടെ ഉടമയായ രാകേഷ് ഗൗതമനാണ് അണ്ണാമലൈ റീറിലീസ് പോസ്റ്റർ പങ്കുവെച്ച് പ്രഖ്യാപനം നടത്തിയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 4K അൾട്രാ എച്ച്.ഡി ഫോർമാറ്റിൽ വീണ്ടും തിയറ്ററുകളിൽ എത്തും.

ജെഫ്രി ആർച്ചറുടെ 1979ലെ കെയ്ൻ ആൻഡ് ആബേൽ എന്ന നോവലിനെ അടിസ്ഥാനമാക്കി 1987ൽ പുറത്തിറങ്ങിയ രാകേഷ് റോഷന്‍റെ ഖുദ്ഗർസിന്റെ റീമേക്കാണ് ചിത്രം. രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് അണ്ണാമലൈയിൽ പറയുന്നത്. രജനീകാന്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. സുഗമമായ പ്ലോട്ടിങ്, വിനോദ മൂല്യം, നടന്റെ ട്രേഡ്‌മാർക്ക് മാസ് സീനുകൾ എന്നിവയാൽ ചിത്രം അവിസ്മരണീയമാണ്. രജനീകാന്തിന് 'സൂപ്പർ സ്റ്റാർ' എന്ന പദവി നൽകുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഖുശ്ബുവാണ് നായിക. നിഴൽഗൽ രവി, രേഖ, മനോരമ, പ്രഭാകർ, ജനഗരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

രജനീകാന്തിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അണ്ണാമലൈയുടെ റീ റിലീസ്. സുരേഷ് കൃഷ്ണയും രജനീകാന്തും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു അണ്ണാമലൈ. വസന്തിനെയായിരുന്നു ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട്, ചില കാരണങ്ങളാൽ വസന്ത് ചിത്രത്തിൽ നിന്ന് പിന്മാറി. മുതിർന്ന സംവിധായകൻ കെ. ബാലചന്ദറാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യണമെന്ന് സുരേഷ് കൃഷ്ണയോട് ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിനുള്ളിൽ ചിത്രം റിലീസ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ 45 ദിവസമെടുത്ത് അവർ അണ്ണാമലൈയുടെ ചിത്രീകരണം പൂർത്തിയാക്കിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1992 ജൂൺ 27നാണ് അണ്ണാമലൈ റിലീസ് ചെയ്തത് . മദ്രാസിൽ സിനിമകളുടെ പോസ്റ്ററുകൾ നിരോധിച്ചുകൊണ്ട് പുതുതായി നിലവിൽ വന്ന തമിഴ്‌നാട് സർക്കാർ നിയമം കാരണം റിലീസ് ഭീഷണി നേരിട്ടിരുന്നു. എന്നാൽ അവയൊന്നും സിനിമയുടെ വിജയത്തെ ബാധിച്ചില്ല. തിയറ്ററുകളിൽ 175 ദിവസം പ്രദർശിപ്പിച്ച അണ്ണാമലൈ അന്നുവരെ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു.

Tags:    
News Summary - Rajinikanth's Annaamalai to release again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.