'ഓരോ സിനിമയിലും നിങ്ങളുടെ കഠിനാധ്വാനം എന്നെ അത്ഭുതപ്പെടുത്തുന്നു'; രജനീകാന്തിന്‍റെ സന്ദേശം പങ്കുവെച്ച് മാരി സെൽവരാജ്

മാരി സെൽവരാജിന്‍റെ സംവിധാനത്തിൽ ധ്രുവ് വിക്രം നായകനായ ബൈസൺ ഒക്ടോബർ 17നാണ് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ, സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്. ബൈസൺ അസാധാരണ സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. മാരി സെൽവരാജ് തന്നെയാണ് രജനീകാന്തിന്‍റെ സന്ദേശം സമൂഹമാധ്യമത്തിൽ പങ്കിട്ടത്. തന്‍റെ മറ്റ് ചിത്രങ്ങൾ കണ്ടശേഷവും താരം വിളിച്ച് അഭിനന്ദിച്ചിരുന്നതായി മാരി സെൽവരാജ് വ്യക്തമാക്കി. രജനീകാന്തിന് ബൈസൺ ടീമിന്‍റെ നന്ദിയും സംവിധായകൻ അറിയിച്ചു.

'സൂപ്പർ മാരി, ഞാൻ ബൈസൺ കണ്ടു... സൂപ്പർബ്. ഓരോ സിനിമ കഴിയുമ്പോഴും, നിങ്ങളുടെ കഠിനാധ്വാനവും വ്യക്തിത്വവും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ മാരി' -എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് മാരി സെൽവരാജ് അറിയിച്ചു. പരിയേറും പെരുമാൾ, കർണൻ, മാമന്നൻ, വാഴൈ എന്നിവ കണ്ടതിനുശേഷം സൂപ്പർസ്റ്റാർ വിളിച്ച് അഭിനന്ദിച്ചതുപോലെ തന്നെ അഞ്ചാമത്തെ ചിത്രമായ ബൈസണും അദ്ദേഹം കണ്ടു. തന്നെയും രഞ്ജിത്ത് പാ രഞ്ജിത്തിനെയും നേരിട്ട് വിളിച്ച് ആത്മാർഥമായി അഭിനന്ദിച്ചെന്നും മാരി സെൽവരാജ് കൂട്ടിച്ചേർത്തു.

ചിത്രം ബോക്സ് ഓഫിസിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയിലുടനീളം ഏകദേശം 27.15 കോടി കലക്ഷൻ ബൈസൺ നേടി. ഏഴാം ദിവസത്തെ വരുമാനം 1.50 കോടി രൂപയാണെന്നാണ് കണക്ക്. കബഡിയെ ആസ്പദമാക്കിയുള്ള സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത്, അദിതി ആനന്ദ്, സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപമ പരമേശ്വരൻ, ലാൽ, അമീർ, പശുപതി, രജിഷ വിജയൻ കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.  

Tags:    
News Summary - Rajinikanth REVIEWS Dhruv Vikram and Mari Selvaraj’s Bison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.