ടൈഗർ മുത്തുവേൽ പാണ്ഡ്യനും കൂട്ടരും വീണ്ടും;സൂചന നൽകി സൺ പിക്ചേഴ്സ്- വിഡിയോ

2023 ൽ വൻ വിജയം നേടിയ രജനി ചിത്രമായിരുന്നു ജയിലർ. ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം 600 കോടിയിലധികമാണ് ആഗോളതലത്തിൽ നിന്ന് നേടിയത്. നേരത്തെതന്നെ സിനിമയുടെ രണ്ടാംഭാഗത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജയിലർ 2നെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ്.

'സൺ പിക്‌ചേഴ്‌സിന്റെ അടുത്ത സൂപ്പർ സാഗ. ഒരു ഗംഭീര അന്നൗൺസ്‌മെന്റിനായി ഒരുങ്ങിക്കോളൂ', എന്ന ക്യാപ്ഷനോടെ ഒരു വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കൾ. സൺ പിക്‌ചേഴ്‌സിന്റെ ഇതുവരെയുള്ള സിനിമകളുടെ രംഗങ്ങൾ ചേർത്തുകൊണ്ടണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. വിഡിയോയുടെ അവസാനം ദി നെക്സ്റ്റ് സൂപ്പർ സാഗ എന്നെഴുതി കാണിക്കുന്നുണ്ട്. ഇതോടെയാണ് ഇത് ജയിലർ 2 വിന്റെ അപ്ഡേറ്റ് ആണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചത്. സിനിമയുടെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

രജനിക്കൊപ്പം ജയിലറിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സൂപ്പർ താരം മോഹൻലാൽ, കന്നഡ താരം ശിവരാജ് കുമാർ എന്നിവരും അതിഥി വേഷത്തിലെത്തിയിരുന്നു. വിനായകനായിരുന്നു വില്ലൻ വേഷത്തിൽ എത്തിയത്.വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമിച്ചത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു.അനിരുദ്ധ് ആയിരുന്നു സിനിമയ്ക്കായി സംഗീതം നിർവഹിച്ചത്. സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.



Tags:    
News Summary - Rajinikanth reunites with Sun Pictures; Jailer 2 announcement on cards?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.