കൂലി

റിലീസ് ചെയ്തിട്ട് മണിക്കൂറുകൾ മാത്രം; `കൂലി'യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രമാണ് കൂലി. ചിത്രത്തിന്‍റെ തിയേറ്റർ റിലീസ് ഇന്നലെ (ആഗസ്റ്റ് 14) ആയിരുന്നു. എന്നാൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലും ടെല​ഗ്രാം ​ഗ്രൂപ്പുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാകുന്നത്. 240പി റിപ്പുകൾ മുതൽ പ്രീമിയം ക്വാളിറ്റിയുള്ള 1080പി പ്രിന്റുകൾ വരെയുള്ള വിവിധ പതിപ്പുകളിൽ സിനിമ പ്രചരിക്കുന്നുണ്ട്. ഇത് ബോക്സ് ഒഫീസ് കണക്കുകളെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. തമിഴ് റോക്കേഴ്സ്, ഫിൽമിസില്ല, മൂവിറൂൾഡ്, മൂവീസ് ഡാ എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതെന്നാണ് വിവരം. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നത് തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

2024 ൽ പുറത്തിറങ്ങിയ വേട്ടയാൻ എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത് വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്.

ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്തിന് പുറമേ, നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

തമിഴ് സിനിമയിലെ നിരവധി റെക്കോർഡുകൾ കൂലി ഇതിനകം തന്നെ തകർത്തു കഴിഞ്ഞു. പ്രീ-ബുക്കിംഗ് വിൽപ്പനയിൽ 100 കോടിയിലധികം രൂപ നേടി. ആഗോള ബോക്സ് ഓഫിസിൽ ചിത്രം ഏകദേശം 300 കോടി രൂപ ശേഖരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂലി തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. 

Tags:    
News Summary - Rajinikanth coolie movie leaked online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.