46 വർഷങ്ങൾക്ക് ശേഷം രജനീകാന്തും കമൽഹാസനും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുമെന്ന് കമലഹാസൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ രജനീകാന്തും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലും (ആർ.കെ.എഫ്.ഐ) റെഡ് ജയന്റ് ഫിലിംസും ചേർന്ന് നിർമിക്കുന്ന ഒരു പ്രോജക്ടിനായി താനും കമൽഹാസനും ഒന്നിക്കുമെന്ന് രജനീകാന്ത് വെളിപ്പെടുത്തിയതായി ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്തു.
'റെഡ് ജയന്റ്, രാജ് കമൽ എന്നിവരുമായി സഹകരിച്ച് ഒരു സിനിമ ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു. സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ അതിനായി ഞങ്ങൾക്ക് അനുയോജ്യമായ കഥാപാത്രവും കഥയും ആവശ്യമാണ്. അങ്ങനെ സംഭവിച്ചാൽ, തീർച്ചയായും ഞങ്ങൾ ഒരുമിച്ച് അഭിനയിക്കും. ഈ സിനിമയെക്കുറിച്ചുള്ള പദ്ധതി ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ സംവിധായകനെയും മറ്റ് വശങ്ങളെയും കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല' -രജനീകാന്ത് പറഞ്ഞു.
രജനീകാന്തിനെയും കമൽഹാസനെയും ഉൾപ്പെടുത്തി ലോകേഷ് കനകരാജ് ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. താൻ കമൽഹാസന്‍റെ വലിയ ആരാധകനാണ് എന്ന് ലോകേഷ് നേരത്തെ പറഞ്ഞിരുന്നു. രജനീകാന്തിന്റെ കൂലി എന്ന ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിയിൽ, ലോകേഷ് സിനിമാറ്റിക് യൂനിവേഴ്‌സിൽ (എൽ.സി.യു) കമൽഹാസനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡ്‌സിന്‍റെ വേദിയിലായിരുന്നു രജനീകാന്തിനൊപ്പം അഭിനയിക്കാനൊരുങ്ങുന്നു എന്ന് കമൽഹാസൻ പ്രഖ്യാപിച്ചത്. രജനീകാന്തിനൊപ്പം ഒരു സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമൽഹാസൻ. 'ഇതൊരു അത്ഭുതകരമായ സംഭവം ആണോ എന്ന് ഞങ്ങൾക്ക് അറിയില്ല, പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ ഞങ്ങൾ സന്തുഷ്ടരാണ്. അതിനാൽ ഞങ്ങൾ ഒന്നിക്കും' -എന്നായിരുന്നു കമൽഹാസന്‍റെ മറുപടി.
രജനീകാന്തും കമൽഹാസനും അവരുടെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ അപൂർവ രാഗങ്ങൾ, മൂണ്ട്രു മുടിച്ചു, അവർകൾ, പത്തിനാറു വയതിനിലെ എന്നിവയുൾപ്പെടെ നിരവധി ക്ലാസിക്കുകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നത് കാണാൻ ആരാധകർ പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. ഈ പ്രഖ്യാപനം വലിയ ആവേശത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.