രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി, രാജ് ബി ഷെട്ടി...കന്നഡ സിനിമാലോകത്തെ മൂന്ന് പ്രമുഖരായ ഈ നടന്മാർ ഷെട്ടി ഗ്യാങ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇവർ മൂന്നുപേരും പരസ്പരം സഹകരിച്ചും പിന്തുണച്ചും പ്രവർത്തിക്കുന്നവരാണ്. ഒരുമിച്ച് സിനിമകൾ ചെയ്യുകയോ, ഒരാളുടെ സിനിമക്ക് മറ്റുള്ളവർ നിർമാതാവായി എത്തുകയോ, തിരക്കഥ എഴുതാൻ സഹായിക്കുകയോ ചെയ്യുമ്പോൾ അവർക്കിടയിലുള്ള സൗഹൃദവും കൂട്ടായ്മയും വ്യക്തമാകാറുണ്ട്. ഈ സഹകരണമാണ് അവരെ 'ഷെട്ടി ഗ്യാങ്' എന്ന് വിളിക്കാൻ ആരാധകർക്കും മാധ്യമങ്ങൾക്കും പ്രചോദനമായത്. ഇപ്പോഴിതാ ഷെട്ടി ഗ്യാങ്, ഷെട്ടി മാഫിയ എന്ന് വിളിക്കുന്നവർക്ക് മറുപടിയുമായി നടൻ രാജ് ബി ഷെട്ടി എത്തിയിരിക്കുകയാണ്.
ദയവായി, നിങ്ങൾ സ്വന്തമായി ഒരു ഗ്യാങ് ഉണ്ടാക്കൂ, സഹോദരാ എന്നാണ് രാജ് ബി ഷെട്ടി പ്രതികരിച്ചത്. കർണാടകയിൽ ഉള്ളവർ എന്നെയും രക്ഷിത് ഷെട്ടിയെയും റിഷബിനെയും ഷെട്ടി ഗ്യാങ്, ഷെട്ടി മാഫിയ എന്നൊക്കെയാണ് വിളിക്കുന്നത്. നിങ്ങളും ഒരു ഗ്യാങ് ഉണ്ടാക്ക്…ആര് തടയും, മറ്റുള്ളവരുമായി കൂട്ടം ചേർന്ന് വർക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങളുടെ പ്രശ്നമല്ല. കാരണം ഞങ്ങൾ സത്യസന്ധതയോടെയും സിനിമാപ്രവർത്തനത്തോടുള്ള സ്നേഹത്തോടെയുമാണ് സഹകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങലുടെ സൗഹൃദം സിനിമയുമായി ബന്ധപ്പെട്ടതാണ്. പരസ്പരം പിന്തുണക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. റാങ്ക് ചെയ്യുന്നതിലോ മത്സരത്തിലോ ഞങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ സിനിമയിൽ എത്തുന്നതിന് മുമ്പ് താൻ ഒരു രക്ഷിത് ഷെട്ടി ആരാധകൻ ആയിരുന്നുവെന്നും രാജ് ബി ഷെട്ടി പറഞ്ഞു. അതേസമയം, രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രം 'സു ഫ്രം സോ' തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ, രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.