ധനുഷിനെ നായകനാക്കി ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രമാണ് 'രാഞ്ജന'. ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്. സോനം കപൂർ ആയിരുന്നു സിനിമയിലെ നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്സ് ഓഫീസിലും ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമ റീ റീലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ എ. ഐ ഉപയോഗിച്ച് സിനിമയുടെ ക്ലൈമാക്സിൽ മാറ്റം വരുത്തിയാണ് റീ റീലീസ്.
ഇതിൽ പ്രതിഷേധവുമായി നേരത്തെ തന്നെ സംവിധായകൻ ആനന്ദ് എൽ റായ് രംഗത്ത് എത്തിയിരുന്നു. തന്റെ അറിവോടെയല്ല ഈ മാറ്റമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ധനുഷും തന്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. താൻ 12 വർഷം മുമ്പ് ചെയ്ത സിനിമ ഇതായിരുന്നില്ല. എ.ഐ ഉപയോഗിക്കുന്നത് കലക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണെന്നും ധനുഷ് പറഞ്ഞു.
ഈ മാറ്റം സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കി. എന്റെ വ്യക്തമായ എതിർപ്പ് വകവെക്കാതെ ബന്ധപ്പെട്ട ആളുകൾ അത് മുന്നോട്ട് കൊണ്ടുപോയി. 12 വർഷം മുമ്പ് ഞാൻ കമ്മിറ്റ് ചെയ്ത സിനിമയല്ല ഇത് എന്നും ധനുഷ് കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം രീതികൾ തടയുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു ധനുഷ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് നടന്റെ പ്രതികരണം.
വാരാണസിയിലെ തമിഴ് പുരോഹിത കുടുംബത്തിൽ ജനിച്ച കുന്ദനും സോയ എന്ന മുസ്ലീം പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ധനുഷിന് പകരം ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് രൺബീർ കപൂറിനെയായിരുന്നുവെന്ന് സംവിധായകൻ ആനന്ദ് എൽ റായ് പറഞ്ഞിരുന്നു.'അംബികാപതി' എന്ന പേരിൽ ഒരു തമിഴ് പതിപ്പും സിനിമയുടേതായി ഇറങ്ങിയിരുന്നു. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ എ.ആർ. റഹ്മാൻ ആയിരുന്നു സംഗീതമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.