ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ റോക്കട്രി പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് തമിഴ്നടനും ചിത്രത്തിന്‍റ സംവിധായകനുമായ ആർ.മാധവൻ. ദീർഘകാലമായി സിനിമ സംവിധാനം മോഹമായിരുന്ന മാധവന്‍റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ചിത്രമാണ് 'റോക്കട്രി'.
എന്നാൽ ചിത്രത്തിനായി ഭീമമായ സാമ്പത്തിക ചിലവാണ് വന്നതെന്ന് താരം തന്നെ വെളിപ്പെടുത്തി. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ കരിയറിലെ പുതിയ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. "സ്വന്തം വീട് വിൽക്കേണ്ടിവന്നു. സിനിമ പൂർത്തീകരിക്കാൻ ആറ് വർഷമാണ് നീക്കിവെച്ചത്. ഇടക്ക് ചില പ്രൊജക്ടുകൾ ഏറ്റെടുത്തിരുന്നു. അത് ചിത്രത്തിന്‍റെ ചെലവിന് വേണ്ടിയായിരുന്നു. സിനിമ റിലീസ് ആയതിന് ശേഷം ഒരു ആഡംബര വീട് വാങ്ങാമെന്ന് ഭാര്യക്ക് വാക്ക് കൊടുത്തിരിക്കുകയാണ്," മാധവൻ പറഞ്ഞു.
ഐ.എസ്.ആർ.ഒയുടെ മുൻ എയ്റോസ്പേസ് എഞ്ജിനീയറും ശാസ്ത്രഞ്ജനുമായ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന ചിത്രമാണ് റോക്കട്രി. അദ്ദേഹത്തിന്‍റെ 29 വയസ്സുമുതൽ 70 വരെയുള്ള കാലഘട്ടം പറയുന്ന ചിത്രം പല ഭാഗങ്ങളായി ഇറങ്ങുമെന്നും സൂചനകളുണ്ട്. മാധവൻ തന്നെയാണ് നമ്പി നാരായണനായി വേഷമിടുന്നത്. തമിഴിൽ സൂര്യയും ഹിന്ദിയിൽ ഷാഹ് രുഖ് ഖാനും സഹനടന്മാരായി എത്തും.
ശാസ്ത്രലോകത്തിന് മികച്ച സംഭാവനകൾ നൽകിയിട്ടും ജീവിതത്തിൽ പിൻതള്ളപ്പെട്ട വ്യക്തിയാണ് നമ്പി നാരായണനെന്നും ചിത്രത്തിനായി എത്ര കഷ്ടപ്പെട്ടാലും അത് ജീവിതത്തിലെ ഏറ്റവും നല്ല ഓർമയായിരിക്കുമെന്നും മാധവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.