ചായിൽ കൊട്ടാരം
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ ഒരു കുന്നിൻ പ്രദേശമാണ് ചായിൽ. സോളൻ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയും ഷിംലയിൽ നിന്ന് 44 കിലോമീറ്റർ അകലെയുമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സുഖകരമായ കാലാവസ്ഥക്കും ഇടതൂർന്ന ദേവദാരു വനങ്ങൾക്കും പേരുകേട്ടതാണ് ഈ സ്ഥലം. 1892 ൽ നിർമിക്കുകയും 1951ൽ പുനർനിർമിക്കുകയും ചെയ്ത ചായിൽ കൊട്ടാരം, ബ്രിട്ടീഷ് ഭരണകാലത്ത് പട്യാല മഹാരാജാവായ ഭൂപീന്ദർ സിങ്ങിന്റെ വേനൽക്കാല വിശ്രമ കേന്ദ്രമായിരുന്നു. ചില ബോളിവുഡ് സിനിമകളും ചായിൽ കൊട്ടാരത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
അടുത്തിടെ ഷൂട്ടിങ് നടന്ന സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ സിനിമയായ ‘ബിഹൈൻഡ് ദി മിററിൽ’ ചായിൽ കൊട്ടാരത്തിന്‍റെ മനോഹരവും ഭയപ്പെടുത്തുന്നതുമായ അന്തരീക്ഷം ഉപയോഗിച്ചിട്ടുണ്ട്. ബിഹൈൻഡ് ദി മിററിൽ ഹിമാചൽ വെറുമൊരു പശ്ചാത്തലമല്ല. അത് സിനിമയിലെ ഏറ്റവും നിഗൂഢമായ കഥാപാത്രമാണ്. കഥപറച്ചിലിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, ചൈൽ പാലസ് മന്ത്രിക്കുന്നു... 2026 ഏപ്രിലിൽ തിയേറ്റുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ബിഹൈൻഡ് ദി മിറർ എന്ന ചിത്രത്തിൽ സ്വാതി സെംവാൾ, രാജ്വീർ സിങ്, പൂജ പാണ്ഡെ, ആഷിത് ചാറ്റർജി, വിനി ശർമ്മ എന്നിവർ അഭിനയിക്കുന്നു.
‘3 ഇഡിയറ്റ്സ്’ സിനിമയിലെ നായക കഥാപാത്രമായ റാഞ്ചോയുടെ വീടായി കാണിച്ചിരിക്കുന്നത് ചായിൽ കൊട്ടാരമാണ്. അക്ഷയ് കുമാർ, കജോൾ, സെയ്ഫ് അലി ഖാൻ എന്നിവർ അഭിനയിച്ച ‘യേ ദില്ലഗി’യിലെ ചില രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചിട്ടുള്ളത്. മിഥുൻ ചക്രവർത്തിയും പത്മിനി കോലാപുരേയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പ്യാർ ഝുക്താ നഹി’യിലെ ചില ഭാഗങ്ങളും ചായിൽ കൊട്ടാരത്തിൽ വെച്ചാണ് ഷൂട്ട് ചെയ്തത്.
പട്യാല മഹാരാജാവായ ഭൂപീന്ദർ സിങ് ഷിംലയിൽ നിന്ന് ബ്രിട്ടീഷുകാരാൽ പുറത്താക്കപ്പെട്ടതിനെ തുടർന്ന് ചായിൽ അദ്ദേഹത്തിന്‍റെ വേനൽക്കാല തലസ്ഥാനമായി തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്നാണ് ഈ കൊട്ടാരം നിർമിച്ചത്. 1972ൽ ഹിമാചൽ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ഏറ്റെടുത്ത് ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റി. കൊട്ടാരം കൂടാതെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് മൈതാനം, കാലി കാ ടിബ്ബ, ചായിൽ വന്യജീവി സങ്കേതം എന്നിവയും ചായിലിലെ പ്രധാന ആകർഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.