'മാർക്കോ'യുടെ വ്യാജപതിപ്പ് ടെല​ഗ്രാമിൽ; പരാതി നൽകി നിർമാതാവ്

എറണാകുളം: മാർക്കോ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് നിർമാതാവ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.

ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമാതാക്കൾ പൊലീസിന് കൈമാറി. സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എവിടെനിന്നാണ് സിനിമയുടെ ലിങ്കുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നത് ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ഹനീഫ് അദേനിയാണ് തിരക്കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമാണ സംരംഭമാണ്. 

Tags:    
News Summary - pirated copy of marco; The producer filed a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.