സിനിമ ചിത്രീകരണ വേളയിൽ വിലങ്ങാട്ടെ വ്യാപാരികൾക്ക് പണം നൽകിയില്ലെന്ന ആരോപണം; വിശദീകരണവുമായി ഒ.പി.എം സിനിമാസ്

കോഴിക്കോട്: വിലങ്ങാട് 'അജസുന്ദരി' സിനിമയുടെ ചിത്രീകരണ വേളയിൽ പ്രാദേശിക വ്യാപാരികൾക്ക് നൽകാനുള്ള തുകയിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഒപിഎം സിനിമാസ് (OPM Cinemas). വ്യാപാരികൾക്ക് നൽകാനുള്ള തുക ചിത്രീകരണത്തിന് ചുമതലപ്പെടുത്തിയ കരാറുകാരൻ കൈക്കലാക്കിയതാണെന്നും, കുടിശ്ശിക വ്യാപാരികൾക്ക് നേരിട്ട് ലഭ്യമാക്കുമെന്നും ഒപിഎം സിനിമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.

2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ വിലങ്ങാട് നടന്ന ചിത്രീകരണത്തിന്റെ ഭക്ഷണച്ചുമതല വടകര സ്വദേശിയായ സജിത്ത് എൻ. എന്നയാൾക്കായിരുന്നു നൽകിയിരുന്നത്. സാധനങ്ങൾ വാങ്ങുന്നതിനും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതിനുമായി 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഇദ്ദേഹത്തിന് കൈമാറിയിരുന്നതായി ഒപിഎം സിനിമാസ് അറിയിച്ചു. ഇതിന്റെ കൃത്യമായ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി.

എന്നാൽ, മുഴുവൻ തുകയും ലഭിച്ചിട്ടും വ്യാപാരികൾക്ക് പണം നൽകാൻ സജിത്ത് തയ്യാറായില്ല. പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിനുള്ള അവസാന ഗഡു തടഞ്ഞുവെക്കുകയും ഫെഫ്ക (FEFKA), കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ പരാതി നൽകുകയും ചെയ്തു. ഇതിനുപുറമേ, സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള വ്യാപാരികൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒപിഎം സിനിമാസ് പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ നടപടികൾ ആരംഭിച്ചു. എല്ലാ കുടിശ്ശികകളും കമ്പനി നേരിട്ട് തീർപ്പാക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി. ചിത്രീകരണ വേളയിൽ വിലങ്ങാട്ടെ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒപിഎം സിനിമാസ് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - OPM Cinemas clarifies on payment dues to Vilangad merchants; promises direct settlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.