തരുണ്‍ മൂര്‍ത്തി ചിത്രം 'ഓപ്പറേഷന്‍ ജാവ'യുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചു. 'ഓപ്പറേഷന്‍ കംബോഡിയ' എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ നടൻ പൃഥ്വിരാജ് പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പോസ്റ്റർ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. വി. സിനിമാസ് ഇന്റര്‍നാഷനല്‍, ദി മാനിഫെസ്റ്റേഷന്‍ സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് വേള്‍ഡ് വൈഡ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ലുക്മാന്‍, ബാലുവര്‍ഗീസ്, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത്, ഇര്‍ഷാദ് അലി എന്നിവര്‍ രണ്ടാംഭാഗത്തിലും ഉണ്ടാകും. ഓപ്പറേഷൻ ജാവ യൂനിവേഴ്‌സ് ആരംഭിക്കുകയാണെന്നും അതിലെ അടുത്ത സിനിമയാണ് ഇതെന്നുമാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
തരുൺ മൂർത്തിയുടെ ആദ്യ സിനിമയായിരുന്നു 'ഓപ്പറേഷന്‍ ജാവ'. സൈബർ സെല്ലിൽ ഒരു കൂട്ടം ഉദ്യോഗസ്ഥരെയും അവർക്ക് കൈകാര്യം ചെയ്യേണ്ടി വവരുന്ന ചില കേസുകളെയും അനുബന്ധ സംഭവങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു സിനിമയുടെ കഥ. വിനായകൻ, ബാലു വർഗ്ഗീസ്, ഷൈൻ ടോം ചാക്കോ എന്നിവരായിരുന്നു ഓപ്പറേഷൻ ജാവയിലെ പ്രധാന അഭിനേതാക്കൾ. ശ്രീ പ്രിയ സിനിമാസിന്റെ ബാനറിൽ വി സിനിമാസാണ് ചിത്രം നിർമിച്ചത്. 2021 ഫെബ്രുവരി 12ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അവലോകനങ്ങളാണ് ലഭിച്ചത്.
മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ‘തുടരും’ ആണ് തരുൺ മൂർത്തി സംവിധാനം ചെയ്ത അവസാന സിനിമ. തന്‍റെ പുതിയ സനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ തരുൺ. മോഹൻലാൽ, ശോഭന, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.