എ.ആർ മുരുഗദോസ് സൽമാൻ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുമ്പോൾ സിനിമക്ക് തണുപ്പൻ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം വരുന്നുണ്ട്. പണവും സമയവും നഷ്ടമാകും വിധമുള്ള സിനിമയാണ് സിക്കന്ദർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഈ സാഹചര്യത്തിൽ പ്രേക്ഷകരില്ലാത്തതിനാൽ സിനിമയുടെ ഷോ കാൻസൽ ചെയ്തതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.
റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എം.വി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്.ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്.
സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വലിയ താരനിരയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിർമിച്ചത്. സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കിയത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രീതം ആണ് സിനിമക്കായി സംഗീതം ഒരുക്കിയത്. മലയാളിയായ വിവേക് ഹർഷൻ ആണ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചത്. എസ് തിരുനാവുക്കരശു ആണ് സിനിമയുടെ ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.