ഭാവന സ്റ്റുഡിയോക്ക് കൈകൊടുത്ത് നിവിനും മമിതയും; 'ബത്‌ലഹേം കുടുംബ യൂനിറ്റുമായി' ഗിരീഷ് എ.ഡി

മലയാളത്തിലെ മുൻനിര നിർമ്മാണ കമ്പനികളിൽ ഒന്നായ ഭാവന സ്റ്റുഡിയോ അവരുടെ പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചു. പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോ ഒരുക്കുന്ന ചിത്രമാണ് 'ബത്‌ലഹേം കുടുംബ യൂനിറ്റ്'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത് മലയാളത്തിലെ യുവ താരങ്ങളായ നിവിൻ പോളിയും മമിത ബൈജുവുമാണ്.

ഭാവന സ്റ്റുഡിയോയുടെ ആറാമത്തെ ചിത്രമാണ് ബത്‌ലഹേം കുടുംബ യൂനിറ്റ്. ഗിരീഷ് എ.ഡിയാണ് ചിത്രത്തിന്റെ സംവിധാനം. സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ, ഐ ആം കാതലൻ തുടങ്ങിയ ചിത്രങ്ങളാണ് ഗിരീഷ് എ.ഡി സംവിധാനം നിർവഹിച്ച മറ്റു ചിത്രങ്ങൾ.

ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം പ്രേമല് 2 ആകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം തുടങ്ങാൻ വൈകുമെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. സംവിധായകൻ ഗിരീഷ് എ.ഡിക്കൊപ്പം മറ്റൊരു പ്രോജക്ടിന്റെ ചർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രേമലു ചിത്രത്തിന്റെ രചയിതാക്കളായ ഗിരീഷ് എ.ഡിയും കിരൺ ജോസിയുമാണ് ബത്‌ലഹേം കുടുംബ യുണിറ്റിന്റേം രചന നിർവഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഓണത്തിന് ശേഷം ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതിയെന്ന് ദിലീഷ് പോത്തൻ പറഞ്ഞു.

കുമ്പളങ്ങി നെറ്റ്‌സ് (2019), ജോജി (2021), പാൽതു ജാൻവർ (2022), തങ്കം (2023), പ്രേമലു (2024) എന്നീ അഞ്ച് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് പുതിയ പ്രൊജക്ടുമായി ഭാവന സ്റ്റുഡിയോ എത്തുന്നത്. ഒരു കോമഡി-റൊമാന്റിക് ഴോണറിൽ ആയിരിക്കും ചിത്രം എത്തുന്നതെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബുവാണ്. എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, പി.ആർ.ഒ: ആതിര ദിൽജിത്.

Tags:    
News Summary - Nivin and Mamita join hands with Bhavana Studio; Girish AD calls it 'Bethlehem family unit'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.