ഈ ആഴ്ച ഒ.ടി.ടിയിലെത്തിയ മലയാള ചിത്രങ്ങൾ...

ഈ ആഴ്ച ആറ് മലയാള ചിത്രങ്ങളാണ് ഒ.ടി.ടിയിൽ എത്തിയത്. ലാലു അലക്സ് പ്രധാന വേഷത്തിൽ എത്തിയ 'ഇമ്പം', ആസിഫ് അലിയുടെ 'മിറാഷ്', ദിൽഷ പ്രസന്നൻ നായിക വേഷത്തിലെത്തുന്ന 'സീ ഓഫ് ലവ് -കടലോളം സ്നേഹം', നവാഗതനായ മുജീബ്.ടി.മുഹമ്മദ് സംവിധാനം ചെയ്യുന്ന 'അഞ്ചാം വേദം', ഷൈൻ ടോം ചാക്കോയുടെ 'ചാട്ടുളി', ടൊവിനോ തോമസ് നായകനായ 'നടികർ' എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ കാണാനാകുന്ന സിനിമകൾ.

1. ഇമ്പം

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'ഇമ്പം'. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമിച്ച സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഒരു പഴയകാല പബ്ലിഷിങ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ നർമത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനര്‍ ആണ്. ഒക്ടോബർ 17 മുതൻ സൺനെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു.

2. മിറാഷ്

ആസിഫ് അലിയേയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മിറാഷ് ഒ.ടി.ടിയിലെത്തി. ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു. സെപ്റ്റംബർ 19നായിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്ന റെജി കോശി, സമ്പത്ത് രാജ്, അർജുൻ ശ്യാം ഗോപൻ എന്നിവരും മിറാഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

3. സീ ഓഫ് ലവ്- കടലോളം സ്നേഹം

ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തിയ ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ലെസ്ബിയൻ പ്രണയകഥ പറയുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സായി കൃഷ്ണയാണ്. ദിൽഷക്ക് പുറമേ മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ.പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. മനോരമ മാക്സിൽ ചിത്രം കാണാം.

4. അഞ്ചാം വേദം

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തിയിരുന്നു. ടി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്, സാഗർ അയ്യപ്പനാണ് ഛായാഗ്രഹണം. ചിത്രം മനോരമ മാക്സിൽ കാണാം.

ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മൾട്ടി ജോണർ ചിത്രമാണ് അഞ്ചാം വേദം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വേഷം കൊണ്ടും, ഭാഷ കൊണ്ടും,ചിന്തകൊണ്ടും ആരാധനകൊണ്ടും നാം വിഭിന്നരാണെങ്കിലും സകല ജാതി മത രാഷ്ട്രീയ വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാൻ പഠിക്കുക എന്ന സന്ദേശമാണ് ഈ സിനിമ കൈമാറുന്നത്.

5. ചാട്ടുളി

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്ത ചാട്ടുളി ഒ.ടി.ടിയിലെത്തി. കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലത ദാസ്, വർഷ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം കാണാം.

6. നടികർ

ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ ഒരുക്കിയ ചിത്രം നടികർ ഒ.ടി.ടിയിലെത്തി. സൈന പ്ലസിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തിയത്. 2024 മേയ് മൂന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായിട്ടായിരുന്നു ടൊവിനോ തോമസ് എത്തിയത്. റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞാണ് ഒ.ടി.ടി റിലീസ്.

നേരത്തെ നെറ്റ്ഫ്ലിക്സ് ആയിരുന്നു സിനിമയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരുന്നത്. എന്നാൽ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശത്തിനായി നൽകുന്ന തുകയുമായി ബന്ധപ്പെട്ട തർക്കം കാരണം നെറ്റ്ഫ്ലിക്സ് പിന്മാറുകയായിരുന്നു. ചിത്രത്തിന്റെ ഒ.ടി.ടി സംപ്രേക്ഷണത്തിനായി വൻ തുക ഓഫർ ഉണ്ടായിരുന്നെങ്കിലും ബോക്‌സ് ഓഫിസിൽ ചിത്രം പരാജയമായതോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമും സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുകയായിരുന്നു.

Tags:    
News Summary - New Malayalam OTT Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.