നെഗറ്റിവ് റിവ്യൂ: ഹൈകോടതി നിർദേശ പ്രകാരം സർക്കാർ നടപടിയെടുക്കും -മന്ത്രി സജി ചെറിയാൻ

കൊല്ലം: സിനിമകൾക്കെതിരായ നെഗറ്റിവ് റിവ്യൂകള്‍ സംബന്ധിച്ച പരാതികളിൽ ഹൈകോടതി തീരുമാനം വരുന്നതനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇപ്പോൾ പൊലീസ് നടപടിയെടുത്തത് ഹൈകോടതിയുടെ നിർദേശമനുസരിച്ചാണെന്നും കൊല്ലത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ഹൈകോടതി ആവശ്യപ്രകാരം പ്രോട്ടോകോള്‍ തയാറാക്കി കൈമാറിയിട്ടുണ്ട്. പതിനായിരക്കണക്കിനു പേര്‍ പണിയെടുക്കുന്ന മേഖലയിൽ വൻതുക മുടക്കി ചെയ്യുന്ന സിനിമകൾക്ക് നെഗറ്റിവ് പ്രചാരണം വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഒ.ടി.ടി സിനിമ എടുക്കുന്നതിനെയും ഇതു ബാധിക്കുന്നു.

സാമ്പത്തിക താൽപര്യങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാൽ, ഒരു വ്യവസായം നിലനിൽക്കാൻ ക്രിയാത്മകമായ ചില നടപടികൾ എടുക്കേണ്ടതുണ്ട്. കോടതി നിർദേശമനുസരിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ വിനായകന്‍റേത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കലാകാരന്മാർ ഇടക്ക് കലാപ്രവർത്തനം നടത്താറുള്ളത് പോലെ വിനായകന്‍റേത് പൊലീസ് സ്റ്റേഷനിലായിപ്പോയി എന്നേ ഉള്ളൂ. അക്കാര്യത്തിൽ പ്രത്യേകം അഭിപ്രായം പറയേണ്ടതായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.