പുണെ: 'ദി കേരള സ്റ്റോറി'ക്ക് ദേശീയ അവാർഡ് നൽകാനുള്ള തീരുമാനത്തെ ശക്തമായി അപലപിച്ച് പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ)യിലെ വിദ്യാർഥി സംഘടന. ചിത്രത്തിന് ലഭിച്ച അംഗീകാരം നിരാശാജനകവും അപകടകരവുമാണെന്ന് സംഘടന എന്ന് ചൂണ്ടിക്കാട്ടി. 'ദി കേരള സ്റ്റോറി' ഒരു സിനിമയല്ല, മറിച്ച് അതൊരു ആയുധമാണെന്ന് എഫ്.ടി.ഐ.ഐയിലെ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
'സ്റ്റേറ്റ് വീണ്ടും നിലപാട് വ്യക്തമാക്കി: ഭൂരിപക്ഷാധിഷ്ഠിതവും വിദ്വേഷം നിറഞ്ഞതുമായ അജണ്ടയുമായി യോജിച്ചു പ്രവർത്തിച്ചാൽ സിനിമയായി വേഷംമാറിയ പ്രചാരണത്തിന് പ്രതിഫലം നൽകുമെന്ന്. 'ദി കേരള സ്റ്റോറി' ഒരു സിനിമയല്ല; അതൊരു ആയുധമാണ്. മുസ്ലിം സമൂഹത്തെ അപകീർത്തിപ്പെടുത്താനും സാമുദായിക ഐക്യത്തിനും വിദ്യാഭ്യാസത്തിനും പ്രതിരോധത്തിനും വേണ്ടി ചരിത്രപരമായി നിലകൊണ്ട ഒരു സംസ്ഥാനത്തെ മുഴുവൻ പൈശാചികവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ള വ്യാജ ആഖ്യാനം' -പ്രസ്താവനയിൽ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരെ തെറ്റായ വിവരങ്ങളും ഭീതിയും പ്രചരിപ്പിക്കുന്ന സിനിമയെ സർക്കാർ അംഗീകൃത സംഘടന ഉയർത്തിക്കാട്ടുമ്പോൾ, അത് കലയെ അംഗീകരിക്കുകയല്ല അക്രമത്തെ നിയമവിധേയമാക്കുകയുമാണ് ചെയ്യുന്നത്. ഭാവിയിലെ ആൾക്കൂട്ടക്കൊലകൾ, സാമൂഹിക ഒഴിവാക്കൽ, രാഷ്ട്രീയ അപരവൽക്കരണം എന്നിവക്ക് തിരക്കഥയൊരുക്കുകയാണിതെന്ന് പ്രസ്താവനയിൽ പറയുന്നു.
കേരള സ്റ്റോറിക്ക് ലഭിച്ച ദേശിയ അവാർഡിനെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത സിനിമക്ക് പുരസ്കാരങ്ങൾ നൽകിയതിലൂടെ ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ ജൂറി അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമക്ക് പുരസ്കാരം നൽകിയതെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.